പുതിയ ബജറ്റിൽ പൂഞ്ഞാർ പ്രതീക്ഷിക്കുന്നത് ഏറെ..
പൂഞ്ഞാർ പുതിയ ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് പ്രതീക്ഷകളേറെയാണ്. ശബരിമല തീർഥാടനകേന്ദ്രവും കിഴക്കൻ മലയോര വിനോദസഞ്ചാരമേഖലയും കാർഷിക മേഖലയാലും ബന്ധപ്പെട്ട് കിടക്കുന്ന മണ്ഡലത്തിൽ എല്ലാ മേഖലയിലും പുതിയ പദ്ധതികളും ആവശ്യമാണ്. എന്നാൽ വർഷങ്ങളായി ആവശ്യപ്പെടുന്ന പദ്ധതികളും ഈ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
വേണം, താലൂക്കും താലൂക്ക് ആശുപത്രിയും
മീനച്ചിൽ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന്റെ നിർമാണവും ആരംഭിക്കണം. ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തണം. പൂഞ്ഞാർ ജി.വി. രാജ പി.എച്ച്.സി., പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ കിടത്തിച്ചികിത്സാ സൗകര്യം വേണം.
എരുമേലി മാസ്റ്റർ പ്ലാൻ
എരുമേലിയിൽ റിങ് റോഡുകളുടെ വികസനം, ദേവസ്വം സ്ഥലത്ത് പൊതു ശൗചാലയങ്ങളുടെ നിർമാണം, തോടുകളുടെയും കുളിസ്ഥലങ്ങളുടെയും വികസനം, ശബരിമല തീർഥാടകർക്കായി ആധുനിക ചികിത്സാകേന്ദ്രങ്ങൾ എന്നിവ വേണം.
കാർഷികമേഖലയ്ക്ക് വേണം കരുതൽ
പൂഞ്ഞാറിൽ റബ്ബർ പാർക്ക് സ്ഥാപിക്കണം. കാർഷിക ഉത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിന് പദ്ധതികൾ വേണം. കാലാവസ്ഥ വ്യതിയാനത്തിലും വന്യജീവി ആക്രമണത്തിലും നശിച്ച കൃഷികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം. നാണ്യവിളകൾ, പഴവർഗകൃഷി എന്നിവ
പ്രോത്സാഹിപ്പിക്കണം.
ഗ്രീൻഫീൽഡ് വിമാനത്താവളം, റെയിൽവേ
ചെറുവള്ളി എസ്റ്റേറ്റിലെ നിർദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളവും ശബരി റെയിൽ പദ്ധതിയും യാഥാർഥ്യമാക്കണം.
വന്യജീവിശല്യത്തിന് വേണം പരിഹാരം
വനാതിർത്തികളോട് ചേർന്നുള്ള സ്ഥലങ്ങളിലെ കൃഷിനശിപ്പിക്കുന്ന വന്യജീവി ശല്യത്തിന് പരിഹാരം വേണം. കാടിറങ്ങി നാട്ടിലിറങ്ങി കൃഷിക്കും കൃഷിക്കാരുടെ ജീവനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പിടികൂടണം. ഫെൻസിങ് സ്ഥാപിക്കണം.
വിനോദസഞ്ചാരം
കിഴക്കൻ മലയോര വിനോദസഞ്ചാര മേഖലയിലേക്കുള്ള സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ മണ്ഡലത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉയർത്തണം. വെള്ളച്ചാട്ടങ്ങൾ, മലകൾ എന്നിവിടങ്ങളിൽ കൂടുതൽ സുരക്ഷ വേണം.
റോഡുകളുടെ വികസനം
മണ്ഡലത്തിലെ പ്രധാന റോഡുകൾ ബി.എം. ആൻഡ് ബി.സി. നില വാരത്തിലേക്ക് ഉയർത്തണം. പട്ടണങ്ങളിൽ ബൈപ്പാസ് വേണം.
