മൂന്നുപേർ സമ്മതപത്രം നൽകിയില്ല ; കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം വൈകുന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കാത്തിരിക്കുന്ന ബൈപ്പാസ് നിർമാണം തുടങ്ങുവാനാകാതെ മുടങ്ങികിടക്കുവാൻ കാരണം മൂന്നു പേരുടെ പിടിവാശി. ബൈപ്പാസിന്‌ സ്ഥലം വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം മൂന്ന് വ്യക്തികൾ നൽകാത്തതാണ് നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു. പ്രവേശനകവാടത്തിലെ റൗണ്ടാന നിർമാണത്തിന് ആവശ്യമായ സ്ഥലമാണ് വിട്ടുനൽകാനുള്ളത്. നിർദിഷ്ട ബൈപ്പാസ് തുടങ്ങുന്ന പഞ്ചായത്ത് ഓഫീസ് പടിക്കലെ ദേശീയ പാതയോരത്ത് മൂന്നുപേരുടെ 6.25 സെന്റോളം സ്ഥലംകൂടി മാത്രമാണ് ഇനി ലഭിക്കാനുള്ളത്.

ഇവർ മുൻ‌കൂർ സമ്മതപത്രം നൽകിയാൽ ജൂലായ് ആദ്യവാരം ടെൻഡർ നടപടികളിലേക്കു കടക്കാനാകുമായിരുന്നു. മുൻ‌കൂർ സമ്മതപത്രം നൽകാത്ത സ്ഥിതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ.ജയരാജ് അറിയിച്ചു. ഒരു മാസത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. 78.69 കോടി രൂപയാണ് പദ്ധതിക്കുവേണ്ടി കിഫ്ബിയിൽനിന്ന്‌ അനുവദിച്ചിട്ടുള്ളത്.

ടൗൺഹാൾ മുതൽ ഫാബീസ് ഓഡിറ്റോറിയം വരെയുള്ള ഭാഗത്തെ 32 പേരുടെ ഉടമസ്ഥതയിലുള്ള 8.64 ഏക്കർ സ്ഥലമാണ് ആദ്യം ഏറ്റെടുത്തത്. 24.76 കോടി രൂപ വിപണിവിലയായി നൽകി. രണ്ടാം ഘട്ടമായി ഏറ്റെടുക്കേണ്ട പഞ്ചായത്തിന്റെ 10.5 സെന്റ് ഉൾപ്പെടെ അഞ്ചുപേരും സ്ഥലം വിട്ടുനൽകി. ഇനി മൂന്നുപേരുടെ ഉടമസ്ഥതയിലുള്ള 6.25 സെന്റ് സ്ഥലംകൂടിയാണ് ഏറ്റെടുക്കാനുള്ളത്.

error: Content is protected !!