വേനൽ ചൂട് ഏറിയാലും മനുഷ്യബോർഡുകൾക്ക് വിശ്രമമില്ല
: വേനലിന്റെ കാഠിന്യം ഏറിയതോടെ പൊതുസ്ഥലങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സമയക്രമീകരണം ഏർപെടുത്തി സർക്കാർ ഉത്തരവ് നൽകിയെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപം.
ഹോട്ടലുകൾക്കു മുന്പിൽ മനുഷ്യ ബോർഡുകളായി നിർത്തിയിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യമാണ് ഏറെകഷ്ടം. ഉച്ചക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയത്ത് പൊതുസ്ഥലങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണമെന്നാണ് ഉത്തരവിലുള്ളത്.
എന്നാൽ ചില ഹോട്ടലുകൾക്ക് മുന്നിൽ ഉച്ചയ്ക്ക് ഉൗണ് ആരംഭിക്കുന്നത് മുതൽ ഉൗണ് തീരുന്ന സമയം വരെ ഇതരസംസ്ഥാന തൊഴിലാളികളെ കത്തുന്ന വെയിലിൽ ബോർഡുമായി നിർത്തിയിരിക്കുകയാണ്. നാട്ടുകാരായ ആരും തന്നെ ഈ പണിയിലില്ല.
ഈ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ അന്പത് വയസിനു മുകളിലുള്ള വയോധികരാണ് പലയിടത്തും മനുഷ്യ ബോർഡുകളാക്കുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ കൗമാരക്കാരും ഈ തൊഴിലിൽ ഏർപ്പെട്ടിട്ടുണ്ട്.
ഹോട്ടലിൽ ഉച്ചയൂണിനു വാഹന യാത്രക്കാരെ ആകർഷിക്കാൻ ബോർഡുമായി നിൽക്കുന്ന തൊഴിലാളികൾ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള 12 മുതൽ മൂന്ന് വരെയുള്ള ചുട്ട് പൊള്ളുന്ന വെയിലത്താണ് പണിയെടുക്കുന്നതെന്നതാണ് വിരോധാഭാസം.
മൂന്നു മണിക്കൂറിലധികം ബോർഡ് പിടിച്ചു ഒരേ നിൽപ് നിൽക്കാൻ വിധിക്കപെട്ടവരാണ് ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ. ചിലർക്കെങ്കിലും ഹോട്ടലുടമ കുട ചൂടുവാൻ അനുമതി നൽകിയിട്ടുണ്ട്.
റോഡിന്റെ ഇരുവശങ്ങളിലേക്കും പോകുന്ന വാഹനങ്ങൾക്ക് നേരെ ബോർഡ് കാണിച്ചു ആളെ കയറ്റി കച്ചവടം കൂട്ടേണ്ട ചുമതല ഇവർക്കാണ്.