മാതപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍; സ്വത്ത് സര്‍ക്കാറിലേക്ക് പോകും
മക്കളില്‍ നിന്നും ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെങ്കില്‍ മാതാപിതാക്കൾക്ക് താൽപര്യമുണ്ടെങ്കിൽ ഇനി സ്വത്ത് സർക്കാറിന് നൽകാം. ഇങ്ങനെ ലഭിക്കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നതിന് വയോജനക്ഷേമ ട്രസ്റ്റ് രൂപവത്കരിക്കും. ട്രസ്റ്റിന്റെ ഘടനയും പ്രവർത്തനവും സംബന്ധിച്ച കരട് സാമൂഹികനീതി വകുപ്പ് തയാറാക്കി വരുകയാണ്. ജൂണിന് മുമ്പ് ട്രസ്റ്റ് നിലവിൽവരും.
സർക്കാർ വൃദ്ധസദനങ്ങളിൽ എത്തിപ്പെടുന്ന പലരും ശേഷിക്കുന്ന സ്വത്തും പണവും സർക്കാറിന് സംഭാവന ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട്. നിലവിൽ ഇത് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ല, ഇതിനാലാണ് പുതിയ ട്രസ്റ്റ് വരുന്നത്. വയോജന ക്ഷേമ ട്രസ്റ്റ് രൂപവത്കരിച്ച് ഇത്തരത്തില്‍ എത്തുന്ന സ്വത്തുക്കള്‍ പരിപാലിക്കാനാണ് നീക്കം. സാമൂഹികനീതി മന്ത്രി ചെയർമാനായ സീനിയർ സിറ്റിസൺ കൗൺസിലിന് കീഴിലാകും ട്രസ്റ്റ് പ്രവർത്തനം. പണമായും ഭൂമിയായും ട്രസ്റ്റിന് ലഭിക്കുന്ന സ്വത്ത് സംരക്ഷിക്കാൻ ആരോരുമില്ലാത്ത വയോജനങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് വിനിയോഗിക്കാനാണ് പദ്ധതി.
വൃദ്ധസദനങ്ങളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഭിന്നശേഷിക്കാരായ വയോധികർക്ക് വീൽചെയർ പോലുള്ള സംവിധാനങ്ങൾ തുടങ്ങിയ ചെലവുകൾക്ക് ഇത്തരം ഒരു ട്രസ്റ്റ് വഴി പണം കണ്ടെത്താന്‍ സാധിക്കും. ട്രസ്റ്റ് വരുന്നതോടെ വയോജനക്ഷേമ പ്രവർത്തനങ്ങൾ കുടുതൽ സുതാര്യവും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷ.
മലപ്പുറം, തൃശൂർ അടക്കമുള്ള ജില്ലകളിലെ വൃദ്ധസദനങ്ങളിലെത്തിയ ചിലർ സ്വത്ത് സർക്കാറിന് സംഭാവന ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കോടികൾ വിലയുള്ള കെട്ടിടംവരെ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.