സൂക്ഷിക്കുക, ‘പണി’ വെള്ളത്തിൽ കിട്ടും
കാഞ്ഞിരപ്പള്ളി : നാട്ടിൽ ജലജന്യ രോഗങ്ങൾ പടരുന്നതിനാൽ വഴിയോരങ്ങളിൽ വിൽക്കുന്ന ശീതളപാനീയങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി ആരോഗ്യവകുപ്പ്. അനധികൃതമായി പാനീയങ്ങൾ വിൽക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനു നിർദേശം നൽകി. വഴിയോരങ്ങളിൽ അനധികൃത ശീതളപാനീയ വിൽപനശാലകൾ വ്യാപകമാണെന്നു പരാതി ഉയർന്നിട്ടുണ്ട്.
പാതയോരങ്ങളിൽ താൽക്കാലികമായി സ്ഥാപിച്ച കടകൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. വഴിയോര വിൽപനശാലകളിലെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്നു നിർമിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇത് ഉറപ്പുവരുത്താൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തു പല ഭാഗങ്ങളിലും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ.
മലിനജലത്തിൽ നിന്നു നിർമിക്കുന്ന ഐസാണ് ആരോഗ്യപ്രശ്നങ്ങൾക്കു പ്രധാന കാരണം. ഗുരുതരമായ കോളിഫോം ബാക്ടീരിയ അടക്കമുള്ള ഈ വെള്ളം ശരീരത്തിലെത്തിയാൽ മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്‌ഡ് തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശം നൽകുന്നു. വേനലിൽ രോഗങ്ങൾ പിടിപെടാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നും, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും കമ്യൂണിറ്റി മെഡിസിൻ വിഭാഗം അറിയിച്ചു.