എരുമേലി പേട്ടതുള്ളൽ: അമ്പലപ്പുഴസംഘം നാളെ പുറപ്പെടും
വ്യാഴാഴ്ച രാത്രിയിൽ ഇരുമുടിക്കെട്ടുനിറച്ച് രാവിലെ യാത്രയാരംഭിക്കും. മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി തിടമ്പുപൂജചെയ്യും. തകഴി ധർമശാസ്താക്ഷേത്രം, ആനപ്രമ്പാൽ ധർമശാസ്താക്ഷേത്രം, ചക്കുളത്തുകാവ് ദേവീക്ഷേത്രം, തിരുവല്ല വല്ലഭസ്വാമിക്ഷേത്രം, കവിയൂർ മഹാദേവക്ഷേത്രം, മല്ലപ്പള്ളി മഹാദേവക്ഷേത്രം, കോട്ടാങ്ങൽ ദേവീക്ഷേത്രം എന്നിവിടങ്ങളിലെ ദർശനത്തിനുശേഷം സംഘം ജനുവരി 9-ന് മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തും.
ഒൻപതിന് പത്തിന് എരുമേലിയിൽ എത്തും. പതിനൊന്നിനാണ് മതമൈത്രിയുടെ ഉത്സവമായ പേട്ടതുള്ളൽ. അന്നുവൈകീട്ട് എരുമേലി ക്ഷേത്രത്തിൽ ആഴിപൂജ നടത്തും.
13-ന് രാവിലെ പമ്പയ്ക്കു തിരിക്കും. പതിനാലാം തീയതി അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകവും വൈകീട്ട് മകരവിളക്കുദർശനവും അത്താഴപൂജയ്ക്ക് എള്ളുനിവേദ്യവും നടത്തും. പതിനഞ്ചിന് സംഘം മലയിറങ്ങും. ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായർ ഈ വർഷം യാത്ര ഒഴിവാക്കി. അമ്പലപ്പുഴ കരപ്പെരിയോനും സംഘത്തിലെ മുതിർന്ന കരപ്പെരിയോനുമായ എൻ. ഗോപാലകൃഷ്ണപിള്ള ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി എൻ. മാധവൻകുട്ടിനായർ, ഖജാൻജി കെ. ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ജി. ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി സി. വിജയ്‌മോഹൻ എന്നിവർ യാത്രയ്ക്കു നേതൃത്വംനൽകും.