പൊൻകുന്നം-പുനലൂർ റോഡ് വികസനംപ്ലാച്ചേരി റീച്ചിൽ മൂന്നു കിണർ മൂടും; പകരം കുഴൽക്കിണർ നിർമിക്കും

പൊൻകുന്നം: പുനലൂർ-പൊൻകുന്നം ഹൈവേയുടെ വികസനഭാഗമായി പ്ലാച്ചേരി റീച്ചിൽ ഏറ്റെടുത്ത സ്ഥലങ്ങളിലെ മൂന്ന് കിണറുകൾ മൂടിപ്പോകും. വറ്റാത്ത വെള്ളമുള്ള ഈ കിണറുകൾ കാലങ്ങളായി നാട്ടുകാർക്ക് കുടിവെള്ളം നൽകുന്നവയാണ്. 

വളവ് നിവർത്തി നിർമിക്കുമ്പോൾ റോഡിന് നടുവിലായിപ്പോയ കിണറാണ് ഇതിലൊരെണ്ണം. മറ്റുള്ളവ റോഡിന് വീതികൂട്ടിയെടുത്തപ്പോൾ അരികുഭാഗത്തേക്ക് ചേർന്നുവരുന്നവയും. 

ഇവ മൂടരുതെന്ന് നാട്ടുകാർ ആവശ്യമുയർത്തിയെങ്കിലും സർവേ പ്രകാരം ഏറ്റെടുത്ത സ്ഥലത്തായതിനാൽ മൂടാതെ നിർവാഹമില്ലെന്ന് അധികൃതർ അറിയിച്ചു. പകരം ഇതേസ്ഥലങ്ങളിൽ കുഴൽക്കിണർ നിർമിച്ചുനൽകുമെന്നാണ് ഉറപ്പുനൽകിയിരിക്കുന്നത്. റോഡിന്റെ നിർമാണകരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിക്കാണ് കുഴൽക്കിണർ നിർമാണച്ചുമതല. 

ഇതേ ഹൈവേയുടെ ബാക്കിഭാഗമായ പൊൻകുന്നം-പാലാ റോഡിന്റെ വികസനപ്രവർത്തനങ്ങൾ നടത്തിയപ്പോൾ പൊൻകുന്നം പട്ടണത്തിലെ രണ്ട് പഞ്ചായത്ത് കിണർ മൂടിപ്പോയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിക്കപ്പെട്ട് ഇംഗ്ലണ്ടിലെ ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണ സ്മാരകമായി പൊൻകുന്നത്ത് നിർമിച്ച അഞ്ച് ബ്രിട്ടീഷ് കിണറിൽ പെട്ടവയായിരുന്നു ഇവ രണ്ടും. 

കടകളിലേക്കും വീടുകളിലേക്കും സ്ഥിരമായി വെള്ളമെടുത്തിരുന്ന വറ്റാത്ത കിണറുകളായിരുന്നു പി.പി.റോഡിൽ തിരുക്കുടുംബ പള്ളിക്ക് എതിർവശത്തും അട്ടിക്കൽ കവലയിലുമുണ്ടായിരുന്നത്. ഇവ മൂടരുതെന്ന് അക്കാലത്ത് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. അന്ന് പകരം കിണറും നിർമിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!