കാഞ്ഞിരപ്പള്ളി മേഖലയിൽ കന്നുകാലികളിൽ പകർച്ചവ്യാധി, ജാഗ്രതാ നിർദേശം
കാഞ്ഞിരപ്പള്ളി: കന്നുകാലികളെ ബാധിക്കുന്ന അനാപ്ലാസ്മോസിസ് രോഗം കാഞ്ഞിരപ്പള്ളി മേഖലയിൽ കണ്ടെത്തി. ഇത് മനുഷ്യരിലേക്ക് പടരുന്ന രോഗമല്ലെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. ഡെന്നിസ് തോമസ് അറിയിച്ചു. ചുവന്ന രക്താണുക്കളെ ആക്രമിച്ച് അനാപ്ലാസ്മ അണുക്കൾ പെരുകുകയും തുടർന്ന് ശരീരത്തിലെ ചുവന്ന രക്താണുക്കൾ വ്യാപകമായി നശിക്കുകയും ചെയ്യുന്നതാണ് രോഗം.
പ്രദേശത്തെ ഒരു കന്നുകാലിയിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ഡെന്നിസ് തോമസ്, വെറ്ററിനറി സർജന്മാരായ ഡോ. എസ്. രാഹുൽ, ഡോ. വി.രമ്യ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രോഗത്തെക്കുറിച്ച് സൂചനകൾ ലഭിച്ചത്. തുടർന്ന് രോഗം സംശയിച്ച പശുവിന്റെ രക്തസാമ്പിൾ കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പരിശോധിച്ച് രോഗം സ്ഥിരീകരിക്കുയായിരുന്നു.
പടരുന്നത് ഇങ്ങനെ
രോഗത്തിന് കാരണമായ റിക്കറ്റ്സിയ വിഭാഗത്തിൽപെട്ട അനാപ്ലാസ്മ രോഗാണുക്കൾ ഒരു മൃഗത്തിൽനിന്ന് മറ്റൊന്നിലേക്ക് പരാദജീവികൾ വഴിയാണ് പകരുന്നത്. രോഗങ്ങളുള്ള കാലികളിൽ നിന്ന് രക്തമൂറ്റിക്കുടിക്കുന്ന ചെള്ള്, പട്ടുണ്ണി, ചിലതരം ഈച്ചകൾ തുടങ്ങിയ പരാദജീവികളിലൂടെയാണ് രോഗം പകരുവാൻ സാധ്യതയുള്ളത്. രോഗം ബാധിച്ച പശുവിന്റെ രക്തം കുടിച്ച ശേഷം മറ്റൊരു മൃഗത്തെ ആക്രമിക്കുന്നതിലൂടെയാണ് അവരിലേക്കും രോഗം പടരുന്നത്.
രോഗലക്ഷണം
രക്തത്തിലെ ഹീമോഗ്ലോബിൻ കുറഞ്ഞ് കന്നുകാലികളിൽ പനി, ക്ഷീണം, വിളർച്ച, ശരീരം മെലിച്ചിൽ, പാൽ ഉത്പാദനം ഗണ്യമായി കുറയുക, വിശപ്പില്ലായ്മ, ശ്വാസംമുട്ടൽ, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
ശുചിത്വം ആവശ്യം
രോഗം പടരുന്നത് തടയാൻ കന്നുകാലികളുടെ ശരീരത്തിൽനിന്ന് പരാദജീവികളെ ഒഴിവാക്കി തൊഴുത്തും പരിസരവും ശുചിയായി സൂക്ഷിക്കണം. ആഴ്ചയിലൊരിക്കൽ പരിസരം വൃത്തിയാക്കി ചപ്പുചവറുകൾ കത്തിച്ചുകളയണം.