ശ്വാസതടസ്സംമൂലം അവശനിലയിലായ രോഗിയെ കോവിഡ് എന്നുകരുതി ആരും സഹായിച്ചില്ല, ആംബുലൻസ് ഡ്രൈവറും ജനമൈത്രി പോലീസും സഹായത്തിനെത്തി
പൊൻകുന്നം: ശ്വാസതടസ്സംമൂലം അവശനിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആരും സഹായിക്കാതെവന്നതോടെ ആശ്രയമായത് ആംബുലൻസ് ഡ്രൈവറും ജനമൈത്രി പോലീസും. തോണിപാറ പുത്തൻപുരയ്ക്കൽ മനോജിനാണ്(ജോബിൻ ജോൺ-42) ഇവർ തുണയായത്.
വൈകല്യമുള്ള ആളാണ് മനോജ്. അടുത്തിടെ കോവിഡ് ബാധിതനായിരുന്നു. പിന്നീട് പരിശോധനയിൽ കോവിഡ് നെഗറ്റീവ് ഫലമായി. ശാരീരികപ്രശ്നങ്ങൾ അലട്ടിയ മനോജിന് കഴിഞ്ഞദിവസം രാത്രിയിൽ വീണ്ടും ശ്വാസതടസ്സം നേരിട്ടപ്പോൾ സഹായത്തിന് പലരെയും വിളിച്ചെങ്കിലും കോവിഡ് ഭയത്താൽ ആരും തയ്യാറായില്ല.
പിന്നീട് കുന്നുംഭാഗത്തെ ഹാർട്ട് ബീറ്റ്‌സ് എന്ന ആംബുലൻസിന്റെ ഡ്രൈവർ അരുൺ വിവരമറിഞ്ഞ് വീട്ടിലെത്തി ആശുപത്രിയിലെത്തിക്കാൻ തയ്യാറായി. വയ്യാതായ മനോജിനെ ആംബുലൻസിൽ കയറ്റാൻ സഹായിക്കുന്നതിനും ആരുമുണ്ടായില്ല. ഇദ്ദേഹത്തിന്റെ അച്ഛൻ ജോണി അർബുദരോഗിയാണ്.
തുടർന്ന് അരുൺ പൊൻകുന്നം ജനമൈത്രി പോലീസിൽ വിവരമറിയിച്ചതോടെ ടീം സ്ഥലത്തെത്തി. എ.എസ്.ഐ. ബിനു, പോലീസുദ്യോഗസ്ഥരായ സന്ദീപ്, ശ്രീകുമാർ എന്നിവർചേർന്ന് മനോജിനെ ആംബുലൻസിൽ കയറ്റി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു.