പെരുവന്താനം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ തർക്കം, ഓഫീസറെ തടഞ്ഞുവെച്ചു
വ്യാഴാഴ്ച രാവിലെ 10.30-ന് മുൻപ് എൽ.ഡി.എഫിലെ ആറ് അംഗങ്ങൾ നോമിനേഷൻ നൽകി. 10.35-ന് ഇനി നോമിനേഷൻ സ്വീകരിക്കുന്നത് ചട്ടവിരുദ്ധമെന്ന് കാട്ടി പ്രതിപക്ഷം റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. വിവരം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥനോട് വിവേചനാധികാരം ഉപയോഗിച്ച് ഉചിത നടപടി സ്വീകരിക്കാൻ നിർദേശം ലഭിച്ചു.
തുടർന്ന് യു.ഡി.എഫിന്റെ നാമനിർദേശ പത്രികകൾ സ്വീകരിച്ചില്ല. ചൊവ്വാഴ്ച വീണ്ടും ബാക്കി ചെയർമാൻമാരെ തിരഞ്ഞെടുക്കുന്നതിന് റിട്ടേണിങ് ഓഫീസർ അംഗങ്ങൾക്ക് നോട്ടീസ് നൽകി. എൽ.ഡി.എഫ്. അംഗങ്ങൾ നോട്ടീസ് കൈപ്പറ്റിയെങ്കിലും യു.ഡി.എഫ്. അംഗങ്ങൾ നോട്ടീസ് കൈപ്പറ്റാതെ ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. കൃത്യസമയത്ത് യു.ഡി.എഫ്. അംഗങ്ങൾ പത്രിക നൽകിയില്ലെന്നും ഇതിന് ശേഷം പ്രതിപക്ഷം പരാതി നൽകിയതിനാൽ 10.30-ന് ശേഷം നൽകിയ പത്രികകൾ സ്വീകരിച്ചില്ലെന്നും റിട്ടേണിങ് ഓഫീസറായ പീരുമേട് ലേബർ ഓഫീസർ അവിനാഷ് സുന്ദർ വി. ‘മാതൃഭൂമി’യോട് പറഞ്ഞു. എൽ.ഡി.എഫ്. അംഗങ്ങൾ അധികാരം ദുർവിനിയോഗം ചെയ്തതായും രാവിലെ 10.26-ന് കോൺഗ്രസിലെ രണ്ട് അംഗങ്ങൾ മിനിറ്റ്സിൽ ഒപ്പിട്ടതായും പിന്നീട് എത്തിയവരെ ഒപ്പിടാൻ സമ്മതിക്കാതെയും പത്രിക നൽകാൻ അനുവദിക്കാതെയും ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് പ്രസിഡൻറ് ഡോമിന സജി പറഞ്ഞു. പഞ്ചായത്ത് ഹാളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാൽ സമയം ഉൾപ്പെടെ നടന്ന സംഭവങ്ങളുടെ യാഥാർഥ്യം വ്യക്തമാകുമെന്ന് പ്രതിപക്ഷാംഗം പി.വൈ.നിസാർ പ്രതികരിച്ചു. 4.45-ഓടെയാണ് ഉദ്യോഗസ്ഥനെ പുറത്തുവിട്ടത്.