കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ. ജോസഫ് കല്ലറയ്ക്കൽ ജയ്പൂർ മെത്രാനായി നിയമിതനായി
കാഞ്ഞിരപ്പള്ളി രൂപതയിലെ ആനവിലാസം ഇടവകാംഗമായ ഫാ. ജോസഫ് കല്ലറയ്ക്കലിനെ ജയ്പൂർ മെത്രാനായി മാർ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ജയ്പൂർ രൂപതയുടെ അജപാലന ശുശ്രൂഷയിൽ നിന്ന് ജയ്പൂർ ബിഷപ്പ് മോസ്റ്റ് റവ. ഓസ്വാൾഡ് ലൂയിസ് (78) വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.
1964 ഡിസംബർ 10ന് കാഞ്ഞിരപ്പള്ളി രൂപതയിലെ ആനവിലാസം ഗ്രാമത്തിൽ ജനിച്ച ഫാ. ജോസഫ് കല്ലറക്കൽ സ്ക്കൂൾ, പ്രീഡിഗ്രി വിദ്യാഭ്യാസം മുരിക്കടി, വെള്ളാരംകുന്ന് എന്നിവിടങ്ങളിലായി പൂർത്തിയാക്കി. അലഹബാദ് രൂപതയിലെ സെന്റ് ജോസഫ് റീജിയണൽ സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തീകരിച്ച അദ്ദേഹം 1997 ജനുവരി 2-ന് കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു വട്ടക്കുഴിയിൽ നിന്നും സഹോദരനായ ഫാ. മാത്യു കല്ലറയ്ക്കലിനും ഇടവകാംഗമായ ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കലിനുമൊപ്പം പൗരോഹിത്യം സ്വീകരിച്ചു അലഹബാദ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം അജ്മീറിലെ എംഡിഎസ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഗോവയിലെ പോണ്ട, ജിവിഎംഎസിൽ നിന്ന് എഡ്യൂക്കേഷനിൽ ബിരുദവും നേടി.
അജ്മീറിലെ സെന്റ് തെരേസാസ് മൈനർ സെമിനാരിയുടെ വൈസ് റെക്ടറർ, വിവിധ ഇടവകകളിൽ വികാരി, സ്ക്കൂളുകളുടെ മാനേജർ, പ്രിൻസിപ്പൽ, മൈനർ സെമിനാരി റെക്ടർ, എന്നീ നിലകളിൽ ശുശ്രൂഷ നിർവഹിച്ച അദ്ദേഹം അജ്മീറിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ വികാരിയായി ശുശ്രൂഷ ചെയ്തു വരവേയാണ് പുതിയ നിയോഗം
സഹോദരങ്ങൾ: കാഞ്ഞിരപ്പള്ളി രൂപത കൊല്ലമുള പള്ളി വികാരി ഫാ. മാത്യു കല്ലറയ്ക്കൽ, കാഞ്ഞിരപ്പള്ളി ആരാധന സന്യാസിനി സമൂഹാംഗം സി. ജസ്മരിയ ( ജർമ്മനി), ഏലിയാമ്മ, കുട്ടിയമ്മ, ദേവസ്യ, കുര്യൻ, തോമസ് മാത്യു ( അധ്യാപകൻ, എസ്. എസ്. പി. എച്ച്. എസ്. എസ്. പുറ്റടി.