കാഞ്ഞിരപ്പള്ളി രൂപതാദിനം, ബൈബിൾ കൺവൻഷൻ : കുമളിയില്‍ വേദിയൊരുങ്ങുന്നു

കാഞ്ഞിരപ്പള്ളി: രൂപതയുടെ നാൽപത്തിയാറാം രൂപതാദിനം കുമളി ഫൊറോന പള്ളി അങ്കണത്തിൽ വിപുലമായ പരിപാടികളോടെ മെയ് 12, വെള്ളിയാഴ്ച നടത്തപ്പെടുന്നതാണ്. രൂപതാദിനം, അതിനൊരുക്കമായ ബൈബിള്‍ കൺവൻഷൻ എന്നിവയ്ക്ക് വേദിയാകുന്ന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം രൂപതാദിനാഘോഷങ്ങൾക്ക് ആതിഥേയത്വമരുളുന്ന കുമളി സെന്റ് തോമസ് ഫൊറോന പള്ളി വികാരിയും ജനറല്‍ കണ്‍വീനറുമായ റവ. ഡോ. തോമസ് പൂവത്താനിക്കുന്നേൽ നിര്‍വ്വഹിച്ചു.

വിവിധ കമ്മറ്റികളുടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ രൂപതാദിനം, ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രൂപതാദിനാഘോഷത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, രൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തലശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായിരിക്കും. രാവിലെ 9.30 ന് രൂപതാധ്യക്ഷന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബ്ബാനയിലും തുടര്‍ന്നുള്ള പ്രതിനിധി സമ്മേളനത്തിലും വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേയും രൂപതാതല എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഇടവകയിലെ ജൂബിലി കോര്‍ഡിനേഷന്‍ ടീമംഗങ്ങള്‍ എന്നിവര്‍ വിശ്വാസിസമൂഹത്തെ പ്രതിനിധീകരിച്ച് പങ്കുചേരും.

രൂപതാദിനത്തിനൊരുക്കമായ ബൈബിള്‍ കണ്‍വന്‍ഷന്‍ മെയ് 7 ഞായറാഴ്ച മുതല്‍ മെയ് 10 ബുധനാഴ്ച വരെയാണ് നടത്തപ്പെടുന്നത്. വൈകുന്നേരം 4.30ന് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്നതാണ്. കണ്‍വെന്‍ഷന്‍ ദിനങ്ങളിലെ പരിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, റവ. .ഡോ. ജോസഫ് വെള്ളമറ്റം എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

പന്തലിന്റെ കാല്‍നാട്ടു കര്‍മ്മത്തില്‍ ഫാ. തോമസ് തെക്കേമുറി, ഫാ. ജോസ് വേലിക്കകത്ത്, സന്യാസിനികള്‍, വിവിധ കമ്മറ്റി കണ്‍വീനര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന വിശ്വാസി സമൂഹം പങ്കുചേര്‍ന്നു.

error: Content is protected !!