മുണ്ടക്കയത്ത് ക്ഷേത്രത്തിൽ മോഷണം; പോലീസും, ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി
മുണ്ടക്കയം: നെൻമേനി ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ മോഷണം നടന്നു. ശ്രീകോവിൽ തുറന്ന് ദേവിവിഗ്രഹത്തിൽ ചാർത്തിയിരുന്ന 12 ഗ്രാം തൂക്കം വരുന്ന രണ്ട് മാലയും ഒരു ലോക്കറ്റുമാണ് മോഷണം പോയത് .
മാസ പൂജ മാത്രമുള്ള ക്ഷേത്രത്തിൽ ദിവസവും വൈകിട്ട് വിളക്ക് കത്തിക്കാറുണ്ട്. പതിവുപോലെ തിങ്കളാഴ്ച വൈകിട്ട് വിളക്ക് കത്തിക്കാൻ എത്തിയ ശാന്തിയാണ് ഓഫീസ് തുറന്ന നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ്, ഓഫീസിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ശ്രീകോവിൽ തുറന്ന് സ്വർണ്ണം കവർന്നതായി കണ്ടെത്തുകയായിരുന്നു.
ക്ഷേത്രം ഭാരവാഹികൾ തുടർന്ന് പോലീസിൽ പരാതി നൽകി. ശ്രീകോവിലിന്റെ മുന്നിലെ കാണിക്ക വഞ്ചി പൊട്ടിച്ച് നോട്ടുകളും കവർന്നു. നാണയങ്ങൾ ക്ഷേത്രമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
മുണ്ടക്കയം പോലീസും, കോട്ടയത്തുനിന്ന് ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡ് മണം പിടിച്ചു ഒരു കിലോമീറ്റർ ഓളം ഓടി.
ശ്രീകോവിലെ താക്കോൽ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും ഡോഗ് സ്ക്വാഡ് കണ്ടെത്തി.അന്വേഷണം ഊർജി തപ്പെടുത്തിയതായും രാത്രികാലങ്ങളിൽ പരിശോധന കർശനമാക്കുമെന്നും മുണ്ടക്കയം എസ്.എച്ച്.ഒ എ. ഷൈൻ കുമാർ പറഞ്ഞു.