കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: വിസ്താരം ഇന്ന് തുടങ്ങും

കാഞ്ഞിരപ്പള്ളി: സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി യു. നാസർ മുമ്പാകെ തിങ്കളാഴ്ച വിസ്താരം ആരംഭിക്കും.

കഴിഞ്ഞവർഷം മാർച്ച് ഏഴിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യൻ, ഇളയസഹോദരൻ രഞ്ജു കുര്യനെയും മാതൃസഹോദരൻ മാത്യു സ്‌കറിയയെയും കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്‌കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന രഞ്ജുകുര്യന്റെയും ജോർജ് കുര്യന്റെയും മാതാപിതാക്കടക്കം 138 സാക്ഷികളെയും 96 രേഖകളും കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കും.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സർക്കാരിനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ്. അജയൻ, പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി. രാമൻപിള്ള, ബി. ശിവദാസ് എന്നിവർ ഹാജരാകും.

error: Content is protected !!