ചരക്കില്ല; ലാറ്റക്സിന് വിലകൂടുന്നു

കനത്തക്ഷാമം നിലനിൽക്കവേ ലാറ്റക്സിന് വിലകൂടുന്നു. 160-161 രൂപയ്കാണ് കഴിഞ്ഞദിവസം വ്യാപാരികൾ ലാറ്റക്സ് എടുത്തത്. ചൂട് കാരണം തോട്ടങ്ങളിൽ വിളവെടുപ്പ് നിർത്തി. പോയവർഷത്തെ തിരിച്ചടികൾമൂലം തോട്ടങ്ങൾ മാസങ്ങളായി അടച്ചിട്ടിരിക്കുന്നവരുമുണ്ട്.

ഒരുബാരലിൽനിന്ന് 200 കിലോ ലാറ്റക്സാണ് കിട്ടുക. 30 ശതമാനം റബ്ബർ സാന്നിധ്യം പരിഗണിച്ചാൽ 60 കിലോ ലഭിക്കും. 160 രൂപ ആശ്വാസകരമായ വിലയാണ്. ലാറ്റക്സ് അധിഷ്ഠിത വ്യവസായങ്ങൾക്ക് ആവശ്യത്തിന് ചരക്ക് കിട്ടാതെവന്നതോടെ വ്യാപാരികൾ നെട്ടോട്ടമോടുകയാണ്. പല തോട്ടങ്ങളിലും മാസങ്ങളായി കൂട്ടിവെച്ചിരുന്ന ബാരലുകൾ വാങ്ങിപ്പോയി. ഇടത്തട്ടിലെ വ്യാപാരികളുടെ ഗോഡൗണുകളിൽനിന്നുള്ള ചരക്കും കയറിപ്പോയി. ടാപ്പിങ് പുനരാരംഭിക്കുംവരെ ഇൗനില തുടരും. അന്താരാഷ്ട്രവില കാര്യമായി ഉയർന്നിട്ടില്ലന്നതും ശ്രദ്ധേയമാണ്.

പകരം ചരക്ക് നൽകാമെന്ന വ്യവസ്ഥയിൽ ഇളവുകളോടെ ലാറ്റക്സ് ഇറക്കുമതി ചെയ്യാമെങ്കിലും ഇനി ഒാർഡർ നൽകിയാൽ ജൂണിലേക്കേ എത്തൂ. അപ്പോൾ പ്രാദേശികവില അതിലും താഴ്ന്നാണ് നിൽക്കുന്നതെങ്കിൽ നഷ്ടംവരും. അതുകൊണ്ട് ആ നീക്കത്തിന് ആരും ഒരുമ്പെട്ടിട്ടില്ല.

ഇൗ പ്രവണത തുടരില്ലന്നും ചരക്കുള്ളവർ ഇപ്പോൾ വിൽക്കുന്നത് നന്നാകുമെന്നും കച്ചവടക്കാർ പറയുന്നു. അതേസമയം ഇപ്പോൾ വിളവെടുപ്പിന് പറ്റിയ കാലാവസ്ഥയല്ലന്നും മഴക്കാലത്തേക്ക് മഴമറയിടാൻ ഒരുങ്ങുന്നില്ലന്നും കൃഷിക്കാർ പറയുന്നു. വിലയുടെ ചാഞ്ചാട്ടം ഏറെ കണ്ട കൃഷിക്കാർ ഇൗ വിലക്കയറ്റത്തിൽ ആകൃഷ്ടരാകില്ലന്ന് ഉത്‌പാദകസംഘങ്ങളുടെ കൂട്ടായ്മ രക്ഷാധികാരി പറഞ്ഞു.

error: Content is protected !!