അങ്കണവാടിയിലെ കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിച്ചു
കാഞ്ഞിരപ്പള്ളി : വാട്ടർ അതോറിറ്റി വിച്ഛേദിച്ച അങ്കണവാടിയിലെ കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിച്ചു. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശപ്രകാരമാണ് അങ്കണവാടിയിലെ കുടിവെള്ള കണക്ഷൻ വ്യാഴാഴ്ച രാവിലെ പുനഃസ്ഥാപിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കുടിശ്ശിക അടക്കാത്തതിനാൽ വാട്ടർ അതോറിറ്റി കണക്ഷൻ വിച്ഛേദിച്ചത്.
പൊതുസ്ഥാപനത്തിലെ ആവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന പരിഗണന നൽകിയാണ് കണക്ഷൻ പുനഃസ്ഥാപിച്ചതെന്നും കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ പേരിലുള്ള കണക്ഷന് കുടിശ്ശിക അടയ്‌ക്കാൻ പഞ്ചായത്തിന് കത്തയക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 18-ാം വാർഡിൽ കരിമ്പുകയത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുടിവെള്ളത്തിന് ഏക ആശ്രയമായിരുന്നു കണക്ഷൻ. ബുധനാഴ്ച അയൽവീടുകളിലെ കിണറുകളിൽനിന്നാണ് വെള്ളമെടുത്തത്. കുടിവെള്ള കണക്ഷൻ പുനഃ സ്ഥാപിച്ചതിൽ സന്തോഷമുണ്ടെന്ന് അങ്കണവാടി ജീവനക്കാർ പ്രതികരിച്ചു. 11 കുട്ടികളാണ് പഠിക്കുന്നത്.