ബഫർ സോൺ സമരം : കേസിൽ ഉൾപ്പെട്ട നാട്ടുകാർ കോടതിയിൽ പിഴ അടച്ചു.
എരുമേലി : നാടിന്റെ നന്മയ്ക്കായി ബഫർ സോൺ സമരത്തിന്റെ മുൻനിരയിൽ ആവേശപൂർവം പങ്കെടുത്ത 36 പേർക്കെതിരെ പോലീസ് എടുത്ത കേസിൽ, കിട്ടിയ ശിക്ഷയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കോടതിയിലെത്തി പിഴയടച്ചു. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, എയ്ഞ്ചൽ വാലി പള്ളി വികാരി ഫാ. ജെയിംസ് കൊല്ലംപറമ്പിൽ , വാർഡ് അംഗം മാത്യു ജോസഫ് ഉൾപ്പടെ 36 പേർക്കെതിരെ മൂന്ന് കേസുകൾ ആണ് പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്റം ഉൾപ്പടെ ചുമത്തി പോലിസ് കേസുണ്ടായിരുന്നത്.
ട്രാവലർ ബസിലും കാറിലും ബൈക്കിലും ഒക്കെയായി ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി കോടതിയിൽ പിഴ അടയ്ക്കാൻ എയ്ഞ്ചൽവാലിയിൽ നിന്ന് എത്തിയത് 36 പേർ. നാടിനെ ബഫർ സോൺ ആക്കി മാറ്റുന്നതിനെതിരെ പ്രക്ഷോഭം നടത്തിയതിന് പോലിസ് എടുത്ത കേസിലെ പിഴ അടയ്ക്കാനാണ് 36 പേരും എത്തിയത്. എല്ലാവർക്കും ആയിരം രൂപ വീതം ആണ് കോടതി പിഴ ചുമത്തിയത്.
രാവിലെ കോടതിയിൽ എത്തിയ ഇവർക്ക് വൈകുന്നേരത്തോടെയാണ് പിഴ അടച്ചു മടങ്ങാനായത്. ഇനി ഒരു കേസ് കൂടിയുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ ഈ കേസ് അടുത്ത ജനുവരി 20 നാണ് കോടതി പരിഗണിക്കുന്നത്. ഈ കേസിൽ പ്രതികളായ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ ഉള്ളവർക്ക് നേരത്തെ മുൻകൂർ ജാമ്യം കോടതി നൽകിയിരുന്നു.
ജനകീയ സമരങ്ങളെ തകർക്കാനുള്ള നീക്കമായാണ് പോലീസിനെ ഉപയോഗിച്ച് തങ്ങൾക്കെതിരെ കേസ് എടുത്തതിന്റെ പിന്നിലെന്ന് സുബി സണ്ണി ആരോപിച്ചു. കേസ് നടത്താനുള്ള ചെലവിന് കഴിഞ്ഞ ദിവസം സമരക്കാർ നാട്ടിൽ പിച്ച തെണ്ടൽ പ്രതിഷേധം നടത്തിയിരുന്നു.