എരുമേലി സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസുകാരി അബിരൂപയ്‌ക്കിത് അഭിമാന നിമിഷം ..
എരുമേലി : സംസ്ഥാനത്തെ പത്ത് മുടുക്കരിൽ ഒരാളായതിന്റെ അഭിമാനത്തോടെ എരുമേലി സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസുകാരി അബിരൂപ. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ യുവിക 2024 യങ് സയന്റിസ്റ്റ് ദേശീയ പ്രോഗ്രാമിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത പത്ത് വിദ്യാർത്ഥി പ്രതിഭകളിൽ ഒരാൾ ആണ് അബിരൂപ.
ശാസ്ത്ര പരിശീലന പരിപാടിയായ യുവിക 2024 യങ് സയന്റിസ്റ്റ് പ്രോഗ്രാം ഇക്കഴിഞ്ഞ 13 നാണ് ആരംഭിച്ചത്. ശനിയാഴ്ച സമാപിച്ചു . ഏറെ വിജ്ഞാനപ്രദമായിരുന്നു പരിപാടി എന്ന് അബിരൂപ പറഞ്ഞു. ശാസ്ത്രം, ബഹിരാകാശ ഗവേഷണം എന്നിവ ആസ്പദമാക്കി ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ പരീക്ഷയിലൂടെ ആണ് യുവിക 2024 യങ് സയന്റിസ്റ്റ് പ്രോഗ്രാമിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും പത്ത് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്. ഇന്ത്യയിൽ മൊത്തം 350 വിദ്യാർത്ഥികളെയാണ് തിരുവനന്തപുരം, ബംഗ്ലരു, ഷില്ലോങ്ങ് എന്നിവിടങ്ങളിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലായി നടത്തിയ യുവിക 2024 യങ് സയന്റിസ്റ്റ് പ്രോഗ്രാമിൽ പങ്കെടുക്കാൻ തെരഞ്ഞെടുത്തത്. ഇവരിൽ ഒരാൾ ആകാൻ അവസരം ലഭിച്ചത് ഭാഗ്യം ആയി കരുതുന്ന അബിരൂപ എരുമേലി കുറുവാമുഴി മംഗലശേരി സിജുമോൻ, ശ്രീജ ദമ്പതികളുടെ മകൾ ആണ്. ഇരട്ട സഹോദരനും എരുമേലി സെന്റ് തോമസ് സ്കൂളിൽ അബിരൂപയോടൊപ്പം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അബനീത് പ്രോഗ്രാമിൽ പങ്കെടുക്കാൻ ഓൺലൈൻ പരീക്ഷയിൽ പങ്കെടുത്തെങ്കിലും ഏതാനും മാർക്കുകളുടെ വ്യത്യാസത്തിൽ അവസരം നഷ്‌ടപ്പെടുകയായിരുന്നു. എങ്കിലും അബിരൂപയ്ക്ക് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അബനീതും കുടുംബവും സ്കൂൾ അധ്യാപകരും.