വിവാഹ ദിനത്തിൽ വേറിട്ട സമ്മാനം നൽകി പൂമരതണൽ പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രൻ
മുണ്ടക്കയം ഈസ്റ്റ്:: ‘പെരുവന്താനം ഗ്രാമപഞ്ചായത്ത് അംഗം എബിൻ കുഴുവേലിയും അനീറ്റയും തമ്മിലുള്ള വിവാഹ ദിനത്തിൽ വേറിട്ട സമ്മാനം നൽകി, പൂമരതണൽ പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രൻ. വിവാഹ സമ്മാനമായി “മംഗല്യ വൃക്ഷ” വുമായാണ് സുനിലും ഭാര്യ സുഷിതയും എത്തിയത്.
വധുവരന്മാർക്ക് മംഗല്യ വൃക്ഷം , നാമകരണത്തിന് പേരു മരം,ഗൃഹപ്രവേശനത്തിന് ഗൃഹ വൃക്ഷം, വിദ്യാലയങ്ങളിൽ അക്ഷരവൃക്ഷം, ആതുര സേവകർക്ക് ആതുരവൃക്ഷം, കാവൽ മരം, ഇങ്ങനെ വിവിധ പേരുകളിൽ വൃക്ഷ വ്യാപന പ്രവർത്തനങ്ങൾ നടത്തിവരികയാണ് പൂമരത്തണൽ പ്രകൃതി കുടുംബം , നിലവിൽ 72 000 വൃക്ഷ തൈകൾ സൗജന്യമായി വിതരണം ചെയ്യുകയും നടുകയും ചെയ്തു.2022- 23ൽ കാവൽ മരം എന്ന പേരിൽ കേരളത്തിലെ പതിനാലു ജില്ലകളിലായി 21,500 വൃക്ഷ തൈകൾ സൗജന്യമായി നടുകയും വിതരണം ചെയ്യുകയും ചെയ്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്.
കൂടാതെ സർപ്പക്കാവ് സംരക്ഷണ യജ്ഞമായ “കാവൊരുക്കൽ ” ദേവാലയങ്ങളിൽ: “പൂജയ്ക്കൊരു പൂജാ മരം “ഗുരു വൃക്ഷം, പരിസ്ഥിതിസംരക്ഷകയായ സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി “സുഗതവനം ” പത്തനാപുരം ഗാന്ധിഭവൻ്റെ “അയൽ വീട്ടിലൊരുമരം ” വേനൽക്കാലത്ത് പക്ഷികൾക്ക് കുടിവെള്ളമൊരുക്കുന്ന “തണ്ണീർക്കുടം” പദ്ധതി ഇങ്ങനെ പൂമര തണലിൻ്റെ പ്രവർത്തങ്ങൾ തുടരുകയാണ്.
മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നന്മമരം സംസ്ഥാന അവാർഡ്, അമൃത ദേവി സംസ്ഥാന പുരസ്കാരം, തേജസ് ഗ്ലോറിയസ് അവാർഡ്, അടക്കം നിരവധി പുരസ്കാരങ്ങളും ആദരവും സുനിലിന് ലഭിച്ചിട്ടുണ്ട്.