അങ്കമാലി – ശബരി റെയിൽവേ ; സംസ്ഥാന സർക്കാരിന്റെ ഉറപ്പ് വൈകുന്നു.

എരുമേലി ∙ അങ്കമാലി – ശബരി റെയിൽവേ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉറപ്പ് വൈകുന്നു. പദ്ധതിക്കായി 3801 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം 2023 നവംബറിൽ പാസാക്കിയിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും പകുതി ചെലവ് വഹിക്കുന്നതിൽ ഉറപ്പ് നൽകുകയും വേണമെന്നാവശ്യപ്പെട്ട് റെയിൽവേ ചീഫ് എൻജിനീയർ 5 മാസം മുൻപ് ഗതാഗത സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ കത്ത് കിട്ടിയിട്ടേ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന് സമർപ്പിക്കുകയുള്ളൂ എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇതുമൂലം പദ്ധതി സംബന്ധിച്ച തീരുമാനം എങ്ങുമെത്താതെ നീളുകയാണെന്നാണ് ശബരി ആക്‌ഷൻ കൗൺസിൽ ഫെഡറേഷൻ ആരോപിക്കുന്നത്.

നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ അങ്കമാലി – ശബരി റെയിൽവേക്കായി കല്ലിട്ട് തിരിച്ചിട്ടുള്ളത്. രാമപുരം റെയിൽവേ സ്റ്റേഷൻ പാലാ – തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിലാണ് നിർമിക്കാൻ നിർദേശിച്ചിട്ടുള്ളത്. പിഴക് വരെ മാത്രം റവന്യു – റെയിൽവേ സംയുക്ത സർവേ നടത്തുകയും കല്ലിട്ട് തിരിക്കുകയും സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. 2013ലെ പുതിയ സ്ഥലമെടുപ്പ് നിയമമനുസരിച്ച് സാമൂഹിക ആഘാത പഠനത്തിനു ശേഷം ഹിയറിങ് നടത്തി മാത്രമേ സ്ഥലമെടുപ്പ് സാധിക്കുകയുള്ളൂ. പുതിയ സ്ഥലമെടുപ്പ് നിയമമനുസരിച്ചു മൂന്നിരട്ടി വരെ സ്ഥല വിലയ്ക്ക് ഉടമസ്ഥൻ യോഗ്യനാണ്.

രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ റെയിൽവേ സ്റ്റേഷനുകൾ നിർമിക്കുക. ഇതിൽ രാമപുരം, ഭരണങ്ങാനം റെയിൽവേ സ്റ്റേഷനുകൾ കോട്ടയം പാർലമെന്റ് മണ്ഡലത്തിലും ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി റെയിൽവേ സ്റ്റേഷനുകൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുമാണ്. രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. 3801 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം കഴിഞ്ഞ നവംബറിൽ പാസാക്കിയിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1905 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകേണ്ടത്. ഇതിനുള്ള ഉറപ്പ് സർക്കാർ നൽകിയാലേ പദ്ധതിക്ക് പച്ചക്കൊടി ഉയരൂ.

error: Content is protected !!