സുവിശേഷവല്‍ക്കരണവും വിശ്വാസ പരിശീലനവും സഭയുടെ പ്രമുഖ ദൗത്യങ്ങള്‍: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: സുവിശേഷവല്‍ക്കരണവും വിശ്വാസ ജീവിത പരിശീലനവും സഭയുടെ എക്കാലത്തെയും പ്രധാന ദൗത്യങ്ങളാണെന്നും ഇവയില്‍ സഭയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നുവെ ന്നും വി. ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പയെ ഉദ്ധരിച്ച് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കല്‍ പ്രസ്താവിച്ചു. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലന രംഗത്തിന്റെയും മിഷന്‍ലീഗിന്റെയും വാര്‍ഷിക സമ്മേളനം കാഞ്ഞിരപ്പള്ളി പാസ്റ്റല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രൂപതാ പ്രോട്ടോസിന്‍ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷനായിരുന്നു. രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, മിഷന്‍ ലീഗ് ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍, കുമാരി തെരേസ സ്‌കറിയ കൊല്ലംപറമ്പില്‍, മിഷന്‍ ലീഗ് ഓര്‍ഗനൈസിങ് പ്രസിഡണ്ട് അരുണ്‍ പോള്‍ കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.
2022 -24 25 വര്‍ഷത്തെ കാറ്റക്കെറ്റിക്കല്‍ ഡയറക്ടറിയും മിഷന്‍ ലീഗ് പ്രവര്‍ത്തനമാര്‍ഗരേഖയും ശ്രീ ജേക്കബ് വടക്കേകുന്നുംപുറത്തിലിന് നല്‍കിക്കൊണ്ട് മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. വിശ്വാസ ജീവിത പരിശീലനരംഗത്ത് 50, 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍, 12 വര്‍ഷവും സണ്‍ഡേ സ്‌കൂളില്‍ മുടങ്ങാതെ എത്തിയ കുട്ടികള്‍ എന്നിവരെ ആദരിച്ചു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്കും അവാര്‍ഡിന് അര്‍ഹരായവര്‍ക്കും സമ്മാനങ്ങളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. വിവിധ സമ്മാനങ്ങള്‍ നേടിയ ഇടവകകള്‍ക്ക് ട്രോഫിയും പുരസ്‌കാരങ്ങളും വിതരണം ചെയ്തു.