വാഴൂരിലെ അങ്കണവാടികളിൽ ഇനി പാചകം പ്രകൃതിസൗഹൃദം
വാഴൂർ ∙ പഞ്ചായത്തിലെ അങ്കണവാടികളിൽ ഇനി പാചകം പ്രകൃതിസൗഹൃദം. പഞ്ചായത്തിലെ 23 അങ്കണവാടികളിൽ പാചകത്തിനു ഇൻഡക്‌ഷൻ കുക്കർ ഉപയോഗിക്കും. ജില്ലയിലെ 5 പഞ്ചായത്തുകളിൽ വാഴൂർ പഞ്ചായത്തിലാണ് ആദ്യമായി ഇൻഡക്‌ഷൻ കുക്കറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തത്. നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായാണു പുതിയ സംവിധാനം ഒരുക്കിയത്.
അങ്കൺജ്യോതി പദ്ധതിയുടെ ഭാഗമായി എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെയാണ് ഇൻഡക്‌ഷൻ കുക്കർ വിതരണം ചെയ്തത്. പ്രഷർ കുക്കർ, സോസ് പാൻ, മിൽക് കുക്കർ, റൈസ് പോട്ട്, ഇഡ്ഡലി കുക്കർ എന്നിവയും നൽകി. പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.സേതുലക്ഷ്മി, പഞ്ചായത്തംഗങ്ങളായ പി.ജെ.ശോശാമ്മ, ശ്രീകാന്ത് പി.തങ്കച്ചൻ, ഐസിഡിഎസ് സൂപ്പർവൈസർ പി.ജെ.ജലജകുമാരി, ആർ.മഞ്ജുള, ഹേന, മിന്റു എന്നിവർ പങ്കെടുത്തു.