ജെസ്‌നയുടെ തിരോധാനം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ജസ്നയുടെ അച്ഛന്റെ നിവേദനം

കാഞ്ഞിരപ്പള്ളി: ജെസ്നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ജസ്നയുടെ അച്ഛന്റെ നിവേദനം. ജെസ്‌നയുടെ അച്ഛൻ കുന്നത്തുവീട്ടില്‍ ജെയിംസ് തയ്യാറാക്കിയ നിവേദനം പ്രധാനമന്ത്രിക്ക് നല്‍കാനായി യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് കൈമാറി. കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തിലാണ് നിവേദനം കൈമാറിയത്. 

ജെസ്നയെ കാണാതായി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് അച്ഛൻ കേന്ദ്രത്തെ സമീപിക്കുന്നത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്നല്ലാതെ മറ്റൊരു വിവരവും സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവം പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനായി പരിശ്രമിക്കുമെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും പ്രതികരിച്ചു. 

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി. സൈമണിന്റെ നേതൃത്വത്തിലാണ് ജെസ്നയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നത്. അടുത്തിടെ ഇദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചു. അതിനിടെ, ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന നല്‍കി മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി രംഗത്തെത്തിയിരുന്നു. ജെസ്‌ന കേസില്‍ കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ഇക്കാലയളവില്‍ അന്വേഷണത്തില്‍ ഏറെ പുരോഗതിയുണ്ടായെന്നും കോവിഡ് നിയന്ത്രണങ്ങള്‍ അന്വേഷണത്തെ ബാധിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

2018 മാര്‍ച്ച് 22-നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് വിദ്യാര്‍ഥിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതായത്. മുക്കൂട്ടുതറയിലെ വീട്ടില്‍നിന്ന് അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ആദ്യം ലോക്കല്‍ പോലീസും, പിന്നീട് ഐ.ജി. മനോജ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കേസ് അന്വേഷിച്ചു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

error: Content is protected !!