മുണ്ടക്കയത്തെ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്റർ നോക്കുകുത്തിയായിട്ട് മൂന്നു വർഷം
മുണ്ടക്കയം: 2017-ൽ നിർമാണം പൂർത്തീകരിച്ച പുത്തൻചന്ത കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ നോക്കുകുത്തിയായിട്ട് മൂന്നാംവർഷത്തിലേക്ക്.
നിർമാണം കഴിഞ്ഞെങ്കിലും കടുത്ത സാമ്പത്തികപ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി.ക്ക് ഡിപ്പോയിലെ പുതിയ തസ്തികകളടക്കമുള്ള ഭൗതികസാഹചര്യങ്ങൾ ക്രമീകരിക്കാൻ ഭാരിച്ച തുക മുതൽമുടക്കേണ്ടതുണ്ട്. ഇക്കാരണത്താൽത്തന്നെ പദ്ധതി ഉപേക്ഷിക്കാനാണ് സാധ്യത.
പഞ്ചായത്തുവക സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. ഇത് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് ഭരണസമിതി കോർപ്പറേഷന് കത്ത് നൽകിയെങ്കിലും നടപടിയായില്ല. 69 ലക്ഷം രൂപ വിനിയോഗിച്ചാണ് 2015-ൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ഗാരേജ്, പ്ലാറ്റ്ഫോം എന്നിവ നിർമിച്ചത്. നിലവിൽ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിലെ മതിയായ സൗകര്യമില്ലാത്ത മുറിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
കെട്ടിടം പഞ്ചായത്തിന് വിട്ടുനൽകിയാൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വൈദ്യുതിവകുപ്പ്, ജല അതോറിറ്റി ഉൾപ്പെടെയുള്ള മറ്റ് ഓഫീസുകൾ ഇവിടേക്ക് മാറ്റി പ്രവർത്തനമാരംഭിക്കാനാകും. നിലവിലെ അസൗകര്യങ്ങളിൽത്തന്നെയാണ് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ് ഇപ്പോഴും പ്രവർത്തിക്കുന്നത്.