വാഗമൺ റോഡ് നിർമാണം; പി.സി. ജോർജ് കോടതിയിൽ

 വാഗമൺ റോഡ് നിർമാണം തുടങ്ങാൻ റോഡ് ഇൻഫ്രാസ്ട്രക്ചറൽ കമ്പനി തയാറാകാത്തതിനെതിരെ പി.സി ജോർജ് എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി. 2017 ൽ 66.61 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് 5 കോടി രൂപയും ഉൾപ്പെടുത്തിയിരുന്നു. 

നിലവിൽ കിഫ്‌ബി മാനദണ്ഡപ്രകാരമുള്ള വീതി പ്രസ്തുത റോഡിൽ ലഭ്യമാണെങ്കിലും സ്ഥലമേറ്റെടുപ്പിന്റെ പേരുപറഞ്ഞു റോഡ് നിർമാണം തടഞ്ഞു വച്ചിരിക്കുകയാണ്. കരാർ ചെയ്യുന്നതിന് യാതൊരുവിധ നിയമ തടസ്സവും ഇല്ലെന്നു കിഫ്‌ബി സിഇഒ ഡോ. കെ എം ഏബ്രഹാം കത്ത് നൽകിയിട്ടും നിരവധി തവണ എംഎൽഎ ആവശ്യപ്പെട്ടിട്ടും നിർവഹണ ഏജൻസിയായ റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡ് (റിക്ക്)നടപടികൾ സ്വീകരിക്കാത്തതിനാലാണു എംഎൽഎ കോടതിയെ സമീപിച്ചത്.

രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും വിനോദ സഞ്ചാര കേന്ദ്രവുമായ വാഗമണ്ണിലേക്കുള്ള പ്രധാന പാതയുമായ ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമാണം അടിയന്തരമായി ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പി.സി ജോർജ് പറഞ്ഞു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 17നു നിർവഹണ ഏജൻസിയായ റിക്കിനോടു കോടതിയിൽ ഹാജരാകാൻ പ്രത്യേക ദൂതൻ വഴി നിർദേശം നൽകി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രന്റെ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ജോയി ജോർജ് അടുക്കം, പ്രയ്സി ജോസഫ് എന്നിവർ വഴിയാണ് ഹർജി നൽകിയത്.

error: Content is protected !!