കാഞ്ഞിരപ്പള്ളി വിടാൻ സിപിഐ, പൂഞ്ഞാറോ ചങ്ങനാശേരിയോ വേണം; സാധ്യതാ പട്ടിക ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് സിപിഐ. കാഞ്ഞിരപ്പള്ളിക്കു പകരം പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിലൊന്നും കൊല്ലം ജില്ലയിലെ കുന്നത്തൂർ സീറ്റും വേണമെന്ന നിലപാടിലാണ് സിപിഐ. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന യോഗങ്ങളിൽ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ച നടന്നു. സ്ഥാനാർഥി സാധ്യതാ പട്ടികയും ചർച്ച ചെയ്തു.
11 ന് ആരംഭിക്കുന്ന സംസ്ഥാന നേതൃ യോഗങ്ങൾക്കു ശേഷം രണ്ടാം ഘട്ട ചർച്ച നടക്കും. എൽഡിഎഫിൽ നിന്ന് സമ്മർദം ഉയർന്നാൽ കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിന് (എം) വിട്ടു നൽകും. പകരം സംഘടനാ ശേഷിയുള്ള പൂഞ്ഞാറിനാണ് മുൻഗണന. പൂഞ്ഞാർ ലഭിച്ചില്ലെങ്കിൽ ചങ്ങനാശേരി സ്വീകരിക്കും. കുന്നത്തൂർ മണ്ഡലം കൂടി ആവശ്യപ്പെടും. കണ്ണൂരിലെ ഇരിക്കൂർ മണ്ഡലം കേരളാ കോൺഗ്രസിനു നൽകി പകരം അഴീക്കോട് എടുക്കാനും ആലോചനയുണ്ട്.
ചങ്ങനാശേരി വിട്ടു കൊടുക്കാൻ കേരള കോൺഗ്രസിനു (എം) മടിയുണ്ട്. ചങ്ങനാശേരിയിൽ 2016 ൽ എൽഡിഎഫ് കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥിയായി ഡോ. കെ.സി. ജോസഫാണ് മത്സരിച്ചത്.
സ്ഥാനാർഥി സാധ്യതാ പട്ടിക
∙ വൈക്കം : സി.കെ. ആശ
∙ കാഞ്ഞിരപ്പള്ളി : സംസ്ഥാന കൗൺസിൽ അംഗം വി.ബി. ബിനു. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം മോഹൻ ചേന്നംകുളം
∙ പൂഞ്ഞാർ : വി.ബി. ബിനു, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ
∙ ചങ്ങനാശേരി: മുൻ എംഎൽഎ എ.എൻ. കല്യാണകൃഷ്ണൻ നായരുടെ മകനും മണ്ഡലം സെക്രട്ടറിയുമായ കെ. മാധവൻ പിള്ള, സി.കെ. ശശിധരൻ, ജില്ലാ കൗൺസിൽ അംഗം കെ.പി. തോമസ്.