ഒറ്റയാനായി വീണ്ടും പി.സി. ജോര്‍ജ്, ആവര്‍ത്തിക്കുമോ 2016, കാത്തിരുന്നു കാണാം ..
വീണ്ടും പി.സി. ഒറ്റയ്ക്കായി. കൂട്ടുകൂടാന്‍ നോക്കിയെങ്കിലും നടന്നില്ല. ആഗ്രഹിച്ചത് യു.ഡി.എഫായിരുന്നു. അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു . ജോസ് കെ മാണി പോയ യു.ഡി.എഫിന് കരുത്തുകൂട്ടാന്‍ വരാമെന്നായിരുന്നു വാഗ്ദാനം. അവര്‍ ജോര്‍ജിന്റെ ശക്തിയില്‍ അത്ര കണ്ട് വിശ്വസിച്ചില്ല. പണ്ട് വി.എസ്.-പിണറായി പോരില്‍ വി.എസിനൊപ്പമായിരുന്നു. അങ്ങനെ പിണറായിയുടെ ശത്രുവായി. അതോടെ എല്‍.ഡി.എഫ്. വാതില്‍ അടഞ്ഞു.
ഉമ്മന്‍ ചാണ്ടിയുമായി തെറ്റിയതോടെ ചെന്നിത്തലയായിരുന്നു ആശ്രയം. ആ വഴിക്ക് പരമാവധി ശ്രമിച്ചു. തദ്ദേശത്തിലെ തിരിച്ചടി കാട്ടി ജോര്‍ജിനായി ചിലര്‍ വാദിച്ചു. പക്ഷേ ഒ.സിയുടെ എതിര്‍പ്പ് വിലങ്ങുതടിയായി. കോട്ടയത്തിന്റെ കാര്യത്തില്‍ അവസാനവാക്കായ ഉമ്മന്‍ ചാണ്ടിയുടെ എതിര്‍പ്പില്‍ ആ വാതിലും തുറന്നില്ല. പി.സി. ഇടഞ്ഞ കൊമ്പനാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ ഉടന്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന പ്രഖ്യാപനം തൊട്ടുപിന്നാലെ വന്നു കഴിഞ്ഞു.
ഇനി ആകെ പ്രതീക്ഷ ബിജെപി പിന്തുണയാണ്. ഇടയ്ക്ക് ഉടക്കി പോയെങ്കിലും അവര്‍ സ്വീകരിക്കാനാണ് സാധ്യത.
ഒറ്റയ്ക്ക് നില്‍ക്കാനും ജയിക്കാനുമുള്ള തന്റേടമാണ് കൈമുതല്‍. ഒരുപക്ഷേ പി.സിക്ക് മാത്രം സ്വന്തമായുള്ള തന്റേടം. ആ ധൈര്യത്തിനാണ് ജനം വോട്ട് ചെയ്തത്. നാവാണ് പി.സിയുടെ ഐശ്വര്യം. ഇടപെടലിനാണ് ജനത്തിന്റെ കൈയടി. വൈദ്യുതി എത്താത്തതിന് കെ.എസ്.ഇ.ബി. ഓഫീസിലെത്തി പി.സി. തെറിവിളിക്കുന്നത് കണ്ട് ജനം ഇതാവണമടാ മെമ്പര്‍ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു.
ആ പി.സി. എന്തിന് ഇപ്പോള്‍ യു.ഡി.എഫില്‍ ചേക്കേറാന്‍ ശ്രമിച്ചു? അതാണ് സസ്‌പെന്‍സ്. മുന്നണിക്കപ്പുറത്ത് ക്രിസ്ത്യന്‍-മുസ്ലിം-ഈഴവ-നായര്‍ സമുദായങ്ങളുമായുള്ള മികച്ച ബന്ധമാണ് പി.സിക്ക് എല്ലാ തവണയും തുണയായത്. ഒറ്റയ്ക്കായപ്പോഴും ജയം ഉറപ്പിച്ചത് ഈ പിന്തുണയാണ്.
മണ്ഡലത്തിലെ മുസ്ലിങ്ങളായിരുന്നു എന്നും ഉറച്ച വോട്ട് ബാങ്ക്. ഇടയ്ക്ക് ഉദിച്ച ബി.ജെ.പി. മോഹത്തോടെ ആ ബന്ധം തകര്‍ന്നു. കാടിളക്കിയിട്ടും 2019-ല്‍ പത്തനംതിട്ടയില്‍ ബി.ജെ.പി. തോറ്റു. അതോടെ ബി.ജെ.പി. ബന്ധം വിച്ഛേദിച്ചു. അതിനിടയില്‍ മുസ്ലിം സമൂഹത്തിനെതിരായ പരാമര്‍ശത്തോടെ ആ വിള്ളല്‍ പൂര്‍ണമായി. ആരുമായും കൂട്ടുകൂടുന്ന പി.സി. വീണ്ടും ഒറ്റയ്ക്കാണ്. ഒരുപക്ഷേ പൂഞ്ഞാറിലെ അവസാന അങ്കം. 75 വയസ്സായാല്‍ വിരമിക്കും. എട്ട് വര്‍ഷം മുമ്പ് പറഞ്ഞതാണ്. പറഞ്ഞത് വിഴുങ്ങിയില്ലെങ്കില്‍ ഇത് അവസാന ടേമാണ്.
തരാതരം പോലെ ആരുമായും കൂടുന്ന പി.സിയെ പൂഞ്ഞാറുകാര്‍ ഇത്തവണ വിജയിപ്പിക്കുമോ?
2016 ആവര്‍ത്തിക്കുക അത്ര എളുപ്പമല്ല. കാരണം അന്ന് എല്‍.ഡി.എഫിനും യു.ഡി.എഫിനും ദുര്‍ബല സ്ഥാനാര്‍ഥികളായിരുന്നു. ഇത്തവണ ഇടതിനായി ജോസ് പക്ഷമാണെങ്കില്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ തന്നെയാകും സ്ഥാനാര്‍ഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കുളത്തിങ്കല്‍ മണ്ഡലത്തില്‍ പരിചിതനാണ്. കാഞ്ഞിരപ്പള്ളിക്ക് പകരം സി.പി.ഐക്കാണ് പൂഞ്ഞാര്‍ നല്‍കുന്നതെങ്കില്‍ യുവനേതാവ് ശുഭേഷ് സുധാകര്‍ ആകും സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ പെടുന്ന എരുമേലി ഡിവിഷനില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ ശുഭേഷിന് യുവത്വം അനുകൂല ഘടകമാണ്.
യു.ഡി.എഫില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. അങ്ങനെയെങ്കില്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിയായിരിക്കും സ്ഥാനാര്‍ഥി. ജോസഫ് പക്ഷത്തുനിന്ന് സജി മഞ്ഞക്കടമ്പന്‍ സീറ്റിനായി രംഗത്തുണ്ട്. ഏതായാലും എതിരാളികള്‍ ഇക്കുറി ദുര്‍ബലരാവില്ല. ബി.ജെ.പിയുടെ തോളില്‍ കയ്യിട്ടതോടെ മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകളില്‍ ഒരു പങ്കും പോയേക്കാം. അതാണ് പി.സിയുടെ വെല്ലുവിളി. ഇതൊക്കെ നില്‍ക്കെ, പൂഞ്ഞാര്‍ ഡിവിഷനില്‍ മകന്‍ ഷോണിനെ നിര്‍ത്തി ജയിപ്പിച്ചു. അതുകൊണ്ട് ഒറ്റയ്ക്കാണെങ്കിലും പി.സി. പൂഞ്ഞാറില്‍ സംഭവം തന്നെയാണ്.
പണ്ട് അരുവിക്കരയില്‍ യു.ഡി.എഫുമായി ഇടഞ്ഞ് എ.സി.ഡി.എഫ്. ഉണ്ടാക്കി തോല്‍പ്പിക്കാന്‍ നോക്കി. പക്ഷേ, പണി പാളി. സ്ഥാനാര്‍ഥി എട്ടുനിലയില്‍ പൊട്ടി. അതോടെ ആ പാര്‍ട്ടി പിരിച്ചുവിട്ടു. പിന്നെ ജനപക്ഷമുണ്ടാക്കി. നാവില്‍ ഗുളികന്‍ കയറിയപ്പോള്‍ വാ വിട്ട വാക്കുകള്‍ പ്രവഹിച്ചു. ശാസനയും വിമര്‍ശനവും കണ്ട് പി.സി. കൂസലില്ലാതെ നിന്നു.
പറഞ്ഞതും കേട്ടതും അടക്കം പഴിയെല്ലാം ക്ഷമിച്ചാണ് പണ്ട് മാണി സാര്‍ തിരിച്ചുവിളിച്ചത്. അതുവരെ പാലാ മെമ്പര്‍ എന്ന് മാത്രം വിളിച്ച പി.സിക്ക് കെ.എം. മാണി വീണ്ടും മാണി സാറായി. വീണ്ടും കേരള കോണ്‍ഗ്രസ് എമ്മിലെത്തി. ലക്ഷ്യം മന്ത്രി സ്ഥാനമായിരുന്നു നടന്നില്ല. മൂന്നാം മന്ത്രിസ്ഥാനത്തിന് പയറ്റി നോക്കിയിട്ടും കിട്ടിയില്ല. തനിക്ക് മുന്നെ എത്തിയ ജോസഫ് മാണിക്കൊപ്പം മന്ത്രിയായി.
ഡെപ്യൂട്ടി സ്പീക്കര്‍ പദം വച്ചു നീട്ടി. അത് നിരസിച്ചു. ഒടുവില്‍ ചീഫ് വിപ്പ് കൊണ്ട് തൃപ്തിപ്പെട്ടു. സെല്‍വരാജിനെ അടര്‍ത്തിയെടുത്ത് യു.ഡി.എഫിലെത്തിച്ചതോടെ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായി കളി തുടങ്ങി. കഴിഞ്ഞ സര്‍ക്കാരില്‍ ആദ്യം ഗണേഷുമായി ഇടഞ്ഞു. നെല്ലിയാമ്പതി എസ്റ്റേറ്റ് വിഷയത്തോടെ ഹരിത എം.എല്‍.എമാരുടെ എതിര്‍പ്പ്.
ഗണേഷിനെതിരെ പിള്ളയ്‌ക്കൊപ്പം ചേര്‍ന്ന് കരുക്കള്‍ നീക്കി. തല്ലുകൊണ്ട മന്ത്രി ഗണേഷാണെന്ന് ആദ്യം വിളിച്ചു പറഞ്ഞത് പി.സിയായിരുന്നു. മധ്യസ്ഥതയ്ക്ക് ശ്രമിച്ച ഷിബു ബേബി ജോണിനെതിരെയും പി.സി. തിരിഞ്ഞു. ഗൗരിയമ്മയ്‌ക്കെതിരായ പ്രയോഗം സകലസീമകളും ലംഘിക്കുന്നതായി. ഗണേഷിന്റെ രാജിയില്‍ മന്ത്രിയായി കയറിപ്പറ്റാന്‍ നോക്കി. പക്ഷേ അച്ഛനും മകനും ഒന്നിച്ചപ്പോള്‍ ജോര്‍ജ് കളത്തിന് പുറത്ത്.
സോളാറില്‍ തിരുവഞ്ചൂരുമായും പിന്നാലെ സ്ഥലം എം.പിയായ ആന്റോ ആന്റണിയുമായും തെറ്റി. ആന്റോയെ തോല്‍പിക്കാന്‍ പതിനെട്ടടവും പയറ്റി. പക്ഷേ നടന്നില്ല. സോളാറിലെ കളികള്‍ കൂടിയായതോടെ ഉമ്മന്‍ ചാണ്ടിയുമായും തെറ്റി. ഒടുവില്‍ കേരള കോണ്‍ഗ്രസിന്റെ കത്തില്‍ സ്പീക്കര്‍ പിടിച്ച് അയോഗ്യനാക്കി. അതും മുന്‍കാല പ്രാബല്യത്തോടെ.
എന്നിട്ടും 2016-ല്‍ കൊമ്പനാനയുടെ തലയെടുപ്പോടെ ജയിച്ചുകയറി. 27,821 വോട്ടിന്റ ഭൂരിപക്ഷത്തിന്. 2019-ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 17924 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. തദ്ദേശത്തില്‍ കാറ്റ് ഇടത്തോട്ട് ചാഞ്ഞു. 1704 വോട്ടിന്റെ മുന്‍തൂക്കം.
എന്‍ഡിഎയുമായി ജോര്‍ജ് വീണ്ടും കൈകോര്‍ത്താല്‍ ഫലത്തില്‍ നേമം പോലെ എന്‍ഡിഎയ്ക്ക് ഏറ്റവും വിജയപ്രതീക്ഷയുള്ള മണ്ഡലമായി പൂഞ്ഞാര്‍ മാറും.
ഇത്തവണ പൊരിഞ്ഞ പോരാട്ടമാകും പൂഞ്ഞാറില്‍. ഉറച്ച വോട്ടുബാങ്കിലെ വിള്ളല്‍ പി.സിക്ക് വിനയാകുമോ. അതോ വീണ്ടും പി.സി ഞെട്ടിക്കുമോ?
കാത്തിരിക്കാം.