ജോസ് കെ. മാണിയെ കൂടുതൽ ശക്തനാക്കി രണ്ടില; പല നേതാക്കളും കൂറുമാറും, ഇനി ?

 പാർട്ടി പിളർപ്പിൽ ചിഹ്നം നിലനിർത്തുന്നതിൽ കെ.എം. മാണിക്കു കഴിയാതെപോയതു വീണ്ടെടുത്ത്  മകൻ ജോസ് കെ. മാണി. രണ്ടില ചിഹ്നം കേരള കോൺഗ്രസിന് (എം) അനുവദിച്ച നടപടി ഹൈക്കോടതി അംഗീകരിച്ചത് ജോസ് കെ. മാണിയെ കൂടുതൽ ശക്തനാക്കി. ചെയർമാൻ സ്ഥാനവും പാർട്ടി ചിഹ്നവും കയ്യിൽ വന്നതു ജോസിനു പാർട്ടിയിലും ഇടതു മുന്നണിയിലും കരുത്തു പകരും. 

മാറിയും മറിഞ്ഞും 

കേരള കോൺഗ്രസ് മാണി – ജോസഫ് വിഭാഗങ്ങളുടെ വഴിപിരിയലിൽ ചിഹ്നം, ഔദ്യോഗിക അംഗീകാരം എന്നിവ മാറിമറിയുന്നത് ആവർത്തിക്കുന്നു 

∙ 1979ൽ 
ജോസഫും മാണിയും ആദ്യമായി വഴിപിരിഞ്ഞു. കോടതി അംഗീകരിച്ചത് മാണി വിഭാഗത്തിനെ. കുതിര ചിഹ്നം കെ.എം.മാണിക്കു ലഭിച്ചു. ജോസഫ് വിഭാഗത്തിന് ആനയെ കിട്ടി. 

∙ 1987ൽ 
വീണ്ടും പിളർപ്പ്. 79ൽ നിന്നു നേരെ തിരിച്ചായിരുന്നു കാര്യങ്ങൾ. പാർട്ടി ചിഹ്നമായ കുതിരയെ നിയമനടപടിയിലൂടെ ജോസഫ് നേടി. ഔദ്യോഗിക അംഗീകാരവും ജോസഫ് വിഭാഗത്തിനു ലഭിച്ചു. മാണി രണ്ടില ചിഹ്നമായി സ്വീകരിച്ചു. 

∙ ഇപ്പോൾ 
ഇക്കുറി 87ലെ പിളർപ്പിന്റെ നേർവിപരീതം. ഔദ്യോഗിക അംഗീകാരവും ചിഹ്നമായ രണ്ടിലയും ലഭിച്ചതു ജോസ് കെ. മാണി വിഭാഗത്തിന്. 

ചിഹ്നം ഉറപ്പിച്ചു, ഇനി ? 

∙ പാർട്ടി ഭരണഘടന പുതുക്കാൻ സാധ്യത. വർക്കിങ് ചെയർമാൻ സ്ഥാനം എടുത്തുകളയാനും സാധ്യത. 
∙ കേരള കോൺഗ്രസിലെ (എം) വർക്കിങ് ചെയർമാൻ, ഡപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ പദവികൾ ഒഴിഞ്ഞു കിടക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഈ ഒഴിവുകൾ നികത്തിയേക്കും (വർക്കിങ് ചെയർമാൻ പദവി എടുത്തുകളയുന്നില്ലെങ്കിൽ). മുതിർന്ന നേതാക്കളായ പി.കെ.സജീവൻ, പി.ടി.ജോസ്, കെ.ഐ. ആന്റണി എന്നിവർക്കു സാധ്യത.
പിളർപ്പിനു മുൻപ് പി.ജെ.ജോസഫ് (വർക്കിങ് ചെയർമാൻ ), സി.എഫ്. തോമസ് (ഡപ്യൂട്ടി ചെയർമാൻ ), ജോസ് കെ. മാണി (വൈസ് ചെയർമാൻ) എന്നിങ്ങനെയായിരുന്നു പദവികൾ. 

∙ കോട്ടയത്തെ ഹെഡ് ഓഫിസ് ജോസ് കെ. മാണിയുടെ പേരിലേക്കു മാറ്റിയേക്കും. ഇപ്പോൾ ചെയർമാൻ കെ.എം. മാണി എന്ന പേരിലാണ് ഓഫിസിന്റെ ഉടമസ്ഥത. 
∙ നിയമസഭയിലെ അവിശ്വാസ പ്രമേയ വേളയിൽ വിപ്പ് ലംഘിച്ചതിന് എംഎൽഎമാരായ പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കാനുള്ള നടപടി ജോസ് വിഭാഗം ഊർജിതമാക്കും. 
∙ ജോസഫ് ഗ്രൂപ്പിലും മറ്റു കേരള കോൺഗ്രസുകളിലുമുള്ള പല നേതാക്കളും ജോസ് വിഭാഗത്തിലേക്കു മാറാൻ ശ്രമം തുടങ്ങി. വിവിധ കേരള കോൺഗ്രസുകളിൽ ജനറൽ സെക്രട്ടറിമാരായ 20 പേർ ജോസിനെ സമീപിച്ചിട്ടുണ്ടെന്നാണ് അറിവ്. 

error: Content is protected !!