ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ പ്രചാരണം കൊഴുക്കുന്നു
മുണ്ടക്കയം: സിറ്റിംഗ് എംഎൽഎ പി.സി. ജോർജിന് പിന്നാലെ ഇടത്, വലത് മുന്നണികളും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർഥിയും പ്രചരണം ആരംഭിച്ചതോടെ പൂഞ്ഞാറിൽ പ്രചരണ ചൂട് ഏറുകയാണ്.
യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനി പ്രചാരണം ശക്തിപ്പെടുത്തി. 2011ലും 2016ലും യുഡിഎഫ് ഇവിടെ കേരള കോൺഗ്രസ് – എമ്മിനാണു സീറ്റ് നൽകിയിരുന്നത്. എന്നാൽ, കേരള കോൺഗ്രസ്-എം എൽഡിഎഫിന്റെ ഘടകകക്ഷിയായതോടെ ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരരംഗത്ത് എത്തിയതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയ ആവേശമാണ് പൂഞ്ഞാറിലെ യുഡിഎഫ് പ്രവർത്തകർക്ക് ഉള്ളത്. കൂടാതെ ഭരണവിരുദ്ധവികാരവും വികസന മുരടിപ്പും തങ്ങൾക്ക് അനുകൂലമായ വോട്ടായി മാറും എന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാമ്പ് വച്ചുപുലർത്തുന്നത്.
എൽഡിഎഫ് ആകട്ടെ പൂഞ്ഞാർ പിടിക്കാൻ കേരള കോൺഗ്രസ് -എമ്മിലെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ രംഗത്തിറക്കിയാണ് മത്സരരംഗത്ത് പ്രചരണം കടുപ്പിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായിരുന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സജീവസാന്നിധ്യമാണ്. ഭരണത്തുടർച്ച എന്ന വികാരവും കേരള കോൺഗ്രസ് – എം എൽഡിഎഫിന്റെ ഭാഗമായതുമെല്ലാം തങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം. നിയോജക മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കി ബൂത്തുതല പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ.
സിറ്റിംഗ് എംഎൽഎ പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടി ഏറ്റവും ആദ്യം തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണ രംഗത്ത് വളരെയധികം മുന്നിലെത്തിക്കഴിഞ്ഞു. ഏറ്റവും ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കുവാൻ കഴിഞ്ഞത് പ്രചാരണ രംഗത്ത് വളരെയേറെ മുൻപന്തിയിലെത്തുവാൻ പി.സി. ജോർജിനെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പൂഞ്ഞാറിനെ നയിക്കുന്ന പി.സി. ജോർജ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് വോട്ട് അഭ്യർഥിക്കുന്നത്. പി.സിയുടെ സ്വന്തം തട്ടകമായ പൂഞ്ഞാർ ഏതുവിധേനയും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ശക്തമായ പ്രവർത്തനമാണ് ജനപക്ഷം പാർട്ടിയും കാഴ്ചവയ്ക്കുന്നത്.
ദേശീയ ജനാധിപത്യ സഖ്യം ബിഡിജെഎസിലെ എം.ആർ. ഉല്ലാസിനെയാണ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. കോരുത്തോട് സികെഎം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് എം.ആർ. ഉല്ലാസ്.
സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ സ്റ്റേയുടെ വിധിക്കായി കാത്തിരിക്കുകയാണ് എൻഡിഎ നേതൃത്വം. ഈ വിധി വന്നതിനുശേഷം തങ്ങളുടെ പ്രവർത്തനം മണ്ഡലത്തിൽ കൂടുതൽ സജീവമാകാനാണ് എൻഡിഎയുടെ നീക്കം. ഐക്യജനാധിപത്യമുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ദേശീയ ജനാധിപത്യ സഖ്യവും ജനപക്ഷവും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലം കേരളത്തിൽ ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന വളരെ ചുരുക്കം ചില മണ്ഡലങ്ങളിൽ ഒന്നായി ഇതോടെ ശ്രദ്ധ നേടിയിരിക്കുകയാണ്.