പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ
കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായതോടെ സ്ഥാനാർഥികൾ വാഗ്ദാനങ്ങളുമായി കളിക്കളത്തിൽ സജീവമായി. കനത്ത വേനൽ ചൂടിലും തളരാതെ പ്രവർത്തകരോടൊപ്പം വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുകയാണ് സ്ഥാനാർഥികൾ.
യുഡിഎഫ് സ്ഥാനാർഥി ജോസഫ് വാഴയ്ക്കൻ ഇന്നലെ പത്രിക സമർപ്പിച്ചതോടെ ഇനി പൊതുജനങ്ങളുടെ ഇടയിലേക്ക് കൂടുതൽ സജീവമായി ഇറങ്ങാനുള്ള തയാറെടുപ്പിലാണ്. മണിമല, വെള്ളാവൂർ പഞ്ചായത്തുകളിലാണ് ഇന്നലെ ജോസഫ് വാഴയ്ക്കൻ പ്രചാരണം നടത്തിയത്. പ്രവർത്തകരോടൊപ്പം വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും കയറി വോട്ടർമാരോട് പിന്തുണ അഭ്യർഥിച്ചു.
എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ് പ്രചാരണം നേരത്തേ ആരംഭിച്ചിരുന്നു. ഇന്നലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കപ്പാട്, കാളകെട്ടി, തന്പലക്കാട് എന്നിവിടങ്ങളിലായിരുന്നു പ്രചാരണം നടത്തിയത്. കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. ഡോ.എൻ. ജയരാജ് ഇന്ന് പത്രിക സമർപ്പിക്കും. രാവിലെ 10.30ന് പേട്ടക്കവലയിൽ നിന്ന് കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിലേക്ക് റോഡ് ഷോയും നടത്തും.
എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനവും പ്രവർത്തകരോടൊപ്പം പ്രചാരണത്തിൽ സജീവമായിക്കഴിഞ്ഞു. ഇന്നലെ മണിമല, കാഞ്ഞിരപ്പള്ളി ടൗണുകളിലാണ് വോട്ടഭ്യർഥന നടത്തിയത്. രാവിലെ മണിമല ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം വോട്ടഭ്യർഥിച്ചു. വൈകുന്നേരം വാഴൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പഞ്ചായത്തു തല കണ്‍വന്‍ഷനിലും പങ്കെടുത്തു. അൽഫോൻസ് കണ്ണന്താനവും ഇന്ന് പത്രിക സമർപ്പിക്കും. രാവിലെ ഒന്‍പതിന് പൊൻകുന്നത്തു നിന്ന് റോഡ് ഷോയും നടത്തും.