എരുമേലിയിൽ പൂക്കൾ കൃഷി ചെയ്ത് വിജയിപ്പിച്ച് കാർഷികവിപ്ലവം നടത്തിയ ചാലക്കുഴി എബ്രഹാം തോമസ് (ജിബു) ഓർമയായി ..

എരുമേലി : റബ്ബർ കൃഷി പാടെ തകർന്നപ്പോൾ , റബ്ബർ അല്ലാതെ മറ്റെന്ത് എന്ന ചോദ്യത്തിന് മുൻപിൽ, അന്തംവിട്ടിരുന്ന ഒരു നാടിനു മുൻപിൽ സ്വന്തം റബ്ബർ തോട്ടം വെട്ടിമാറ്റി, അവിടെ പൂക്കൾ കൃഷി വിജയകരമായി ചെയ്ത് എരുമേലിയിൽ കാർഷിക വിപ്ലവം നടത്തിയ എരുമേലി കരിമ്പിൻതോട് ചാലക്കുഴി എബ്രഹാം തോമസ് (ജിബു -63) ഓർമയായി. സൂര്യകാന്തി പൂക്കൾ വൻ തോതിൽ കൃഷി ചെയ്ത് വിജയം കൈവരിച്ച ശേഷം അദ്ദേഹം ബന്തിപൂക്കളുടെ കൃഷി നടത്തി വിജയിപ്പിച്ചു … എരുമേലി കൃഷി ഭവൻ മികച്ച കർഷകനായി തെരഞ്ഞെടുത്ത് ആദരിച്ച അദ്ദേഹം തന്റെ കൃഷി വിജയത്തിന്റെ രഹസ്യങ്ങൾ ആവശ്യക്കാരുമായി സൗജന്യമായി പങ്കുവച്ചിരുന്നു.

ആയിരകണക്കിന് സൂര്യകാന്തിയും ബന്തി പൂക്കളും ഒക്കെ വളർന്ന ആ കൃഷിയിടത്തിൽ 1500 ഓളം വാഴയും മധുരക്കിഴങ്ങും സകലവിധ പച്ചക്കറികളും മാത്രമല്ല ചോളം വരെയുണ്ടായിരുന്നു. ആ നല്ല കർഷകനായിരുന്ന എരുമേലിയിലെ കരിമ്പിൻതോട് ചാലക്കുഴി എബ്രഹാം തോമസ് (ജിബു -63) ഇനിയില്ല.കഴിഞ്ഞ ദിവസമായിരുന്നു ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം. സംസ്കാരം നടത്തി.
ഓഫിസ് വേഷമായ പാന്റും ഷർട്ടും ധരിച്ച് എക്സിക്യൂട്ടീവ് സ്റ്റൈലിൽ കൃഷി പണി ചെയ്യുന്ന കർഷകൻ കൂടിയായിരുന്നു ജിബു. നാട്ടിൽ പലയിടത്തും പറമ്പുകൾ പാട്ടത്തിനെടുത്ത് വാഴയും പച്ചക്കറിയുമൊക്കെ വിളയിച്ച് ആഴ്ച തോറും സ്വന്തം ജീപ്പിൽ നിറയെ കാർഷിക വിളകളുമായി എത്തിയിരുന്നു. കരിമ്പിൻതോട്ടിൽ റോഡരികിൽ വനത്തിനോട് ചേർന്നുള്ള അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള രണ്ട് ഏക്കർ സ്ഥലം പൂർണമായും കൃഷിയിടമായിരുന്നു. ആ കൃഷി സ്ഥലത്ത് ഏറ്റവും മുകളിൽ ചെറിയ ഒരു കുന്ന് പോലെ ഉയർന്ന സ്ഥലത്ത് 15 അടി താഴ്ചയിൽ വലിയ കുളം നിർമിച്ചിരുന്നു. കുളത്തിൽ വെള്ളം നിറഞ്ഞു കവിയുമ്പോൾ വെള്ളം ഒഴുകിപോകുന്നത് താഴെയുള്ള ഓരോ കൃഷിയുടെയും സമീപത്തു കൂടിയായിരുന്നു. കുളത്തിൽ മത്സ്യങ്ങളും പറമ്പിൽ സകല വിധ കൃഷിയും ആ രണ്ട് ഏക്കറിൽ നിറയാൻ ഒട്ടേറെ പ്രയത്നമാണ് ജിബു ചെലവിട്ടത്.
ഹാരിസൺ മലയാളം പ്ലാന്റേഷനിലെ സൂപ്പർവൈസർ ജോലിയും തുടർച്ചയായി കോടിപതി സ്ഥാനം നേടിയിരുന്ന ഇൻഷുറൻസ് ജോലിയും രാജി വെച്ചാണ് പൂർണമായി കൃഷിയിലേക്ക് ജിബു തിരിഞ്ഞത്. ബംഗാളിൽ നിന്നും തൊഴിലാളികളെ കൂടെ കൂട്ടിയാണ് പാട്ട കൃഷി നടത്തിക്കൊണ്ടിരുന്നത്. കണമല, മുണ്ടക്കയം, റാന്നി, സീതത്തോട്, ചിറ്റാർ പ്രദേശങ്ങളിലൊക്കെ പാട്ട കൃഷി നടത്തിയിരുന്നു. എരുമേലി കൃഷി ഭവൻ മികച്ച കർഷകനായി തെരഞ്ഞെടുത്ത് അദ്ദേഹത്തെ ആദരിച്ചിരുന്നു. പശുക്കൾക്ക് കൂടുതൽ പാൽ ലഭിക്കുന്നതിന് ചോളം മികച്ച കാലിത്തീറ്റ ആണെന്ന് മനസിലാക്കി പറമ്പിൽ വ്യാപകമായി ചോളം കൃഷി ചെയ്തിരുന്നു. ഒപ്പമുള്ള ബംഗാളിലെ തൊഴിലാളികൾ പറഞ്ഞറിഞ്ഞാണ് പൂക്കൾ കൃഷി നടത്തുന്നതിലെത്തിയത്. സൂര്യകാന്തി പൂക്കൾ വൻ തോതിൽ കൃഷി ചെയ്തു. തുടർന്ന് ബന്തിപൂക്കളുടെ കൃഷി നടത്തി.
മാധ്യമങ്ങളിലും ചാനലുകളിലും ഇത് സംബന്ധിച്ച് ശ്രദ്ധേയമായ വാർത്തകൾ വന്നിരുന്നു. കൃഷിയിൽ തന്റെ സമ്പാദ്യം ചെലവിട്ട് സാമ്പത്തിക പ്രയാസങ്ങളിലേക്ക് മാറിയിട്ടും കൃഷിയെ കൈവിടാൻ മരണം വരെയും ജിബു തയ്യാറായിരുന്നില്ല. ഒട്ടേറെ ആളുകൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

error: Content is protected !!