ഐശ്വര്യക്കാഴ്ചകളിലേക്കും പ്രതീക്ഷകളിലേക്കും കൺതുറന്ന് മലയാളികള്‍ വിഷുവിനെ വരവേറ്റു
ഒത്തുചേരലിന്‍റെയും, ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി സർക്കാർ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. കൊവിഡ് കാലത്തെ രണ്ടാമത്തെ വിഷുവാണ് ഇത്. കണിയൊരുക്കിയും കൈനീട്ടം നൽകിയും, വിഷു സദ്യകളൊരുക്കിയും മലയാളികള്‍ വിഷു ആഘോഷത്തിന്‍റെ സന്തോഷത്തിലാണ്.
കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനവും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ വിഷു ആഘോഷങ്ങളും ഈ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് മലയാളികള്‍ ആഘോഷിക്കുന്നത്.
പൂത്തിരിയുടെ വർണ്ണപ്പൊലിമയും, പടക്കങ്ങളുടെ ശബ്ദമുഖരിതമായ അന്തരീക്ഷവും പുത്തനുടുപ്പുകളുടെ പകിട്ടും കൂടിയാണ് ഓരോ മലയാളിക്കും വിഷുക്കാലം. വിഭവ സമൃദ്ധമായ വിഷുസദ്യയാണ് മലയാളിയുടെ വിഷുദിനാഘോഷത്തിന്‍റെ അവിഭാജ്യ ഘടകമാണ്. പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൂട്ടായുളള ആഘോഷങ്ങള്‍ കുറയും. ആശങ്കകള്‍ ഒഴിഞ്ഞുളള നല്ലൊരു നാളേക്കായുളള കാത്തിരിപ്പ് കൂടിയാണ് മലയാളിക്ക് ഈ വിഷുദിനവും.