കാട്ടുമൃഗങ്ങൾ വില്ലന്മാർ ; കാർഷികവൃത്തി തുടരാനാവാത്ത അവസ്ഥയിൽ കർഷകർ
പമ്പാവാലി : പെരിയാർ കടുവാസങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങളാണ് കണമലയ്ക്ക് സമീപമുള്ള ഗ്രാമപ്രദേശങ്ങൾ. കാളകെട്ടി, അഴുത, മൂക്കംപെട്ടി, എയ്ഞ്ചൽവാലി, എഴുകുംമൺ, ആറാട്ടുകയം, മൂലക്കയം, തുലാപ്പള്ളി, കിസുമം, നാറാണംതോട് തുടങ്ങി ജനവാസമേഖലകളേറെ. പതിനായിരക്കണക്കിന് കുടുംബങ്ങളുണ്ട് ഇവിടെ. കാളകെട്ടി എരുമേലി വനമേഖലയുടെ ഭാഗവും പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിയുമാണ്. കൃഷി ഉപജീവന മാർഗമാക്കിയവരാണ് ഏറെയും.
വനാതിർത്തി പ്രദേശമായതിനാൽ മൃഗശല്യം കാരണം കൃഷി ചെയ്യാനാവാത്ത അവസ്ഥയിലാണ് കർഷകർ. മൃഗങ്ങളെ തുരത്താൻ രാത്രിയിൽ ഉറക്കമില്ലാതെ കാവലിരിക്കേണ്ട സ്ഥിതിയാണ് പ്രദേശത്തെ കർഷകർക്ക്. കാട്ടാനകളും കാട്ടുപന്നികളുമാണ് കർഷകരെ കണ്ണീരിലാഴ്‌ത്തുന്നത്. വാഴയും കപ്പയും ചെറുകൃഷികളും നശിപ്പിച്ച് വീടുകളുടെ മുറ്റംവരെ കാട്ടാനക്കൂട്ടം എത്തുന്നു. എഴുകുംമണ്ണിൽ കുരങ്ങും മലയണ്ണാനുമാണ് പ്രധാനശല്യം. കൊക്കോയും തേങ്ങയും വിളവെത്തുംമുമ്പേ നശിപ്പിക്കുന്നു. കാട്ടുപന്നികളും യഥേഷ്ടം. കൈക്കാശുമുടക്കി കഷ്ടപ്പെട്ട് നടത്തുന്ന കൃഷികൾ കാട്ടുമൃഗങ്ങൾ ചവിട്ടി മെതിക്കുമ്പോൾ കാർഷികവൃത്തി തുടരാനാവാത്ത അവസ്ഥയിലാണ് കർഷകർ. പലയിടങ്ങളിലും സൗരവേലി ഉണ്ടെങ്കിലും പരിരക്ഷയില്ലാതെ കാടുമൂടി നശിച്ചുതുടങ്ങി. ‘ഞങ്ങൾ എങ്ങനെ ജീവിക്കും…’ കർഷകരുടെ ചോദ്യത്തിന് വനംവകുപ്പിനും ഉത്തരമില്ല.
വീട്ടുമുറ്റത്താണ് കാട്ടാനക്കൂട്ടം എത്തുന്നത്. രാത്രിയിൽ വീടിനുള്ളിൽ കിടന്നുറങ്ങാൻപോലും ഭയമാണ്. പത്തുമൂട് തെങ്ങുണ്ടെങ്കിലും ഒരു തേങ്ങാപോലും കിട്ടില്ല. വിളയുംമുമ്പേ മലയണ്ണാൻ തുരക്കും. കാട്ടുപോത്തും കാട്ടുപന്നിയും കാട്ടാനകളും കുരങ്ങും ഉൾപ്പെടെ മൃഗശല്യം വർധിച്ചിരിക്കുകയാണ്. മൃഗശല്യം കാരണം കപ്പ, വാഴ, ചേന, ചേമ്പ് തുടങ്ങി ചെറുകൃഷികൾ ചെയ്യുന്നില്ല. പകരം ഇഞ്ചിക്കൃഷിയിലേക്ക് മാറിയിരിക്കുകയാണ്. കാളകെട്ടി സ്വദേശിയായ രാജു വെട്ടിക്കാപ്പള്ളി പറയുന്നു.
കൃഷിയാണ് പ്രദേശവാസികളുടെ ജീവിതമാർഗം. കാട്ടുമൃഗങ്ങളുടെ ശല്യത്താൽ കൃഷിചെയ്യാനാവാത്ത അവസ്ഥ. വനാതിർത്തികളിൽ പലയിടത്തും സൗരവേലികൾ സ്ഥാപിച്ചെങ്കിലും പരിരക്ഷയില്ലാതെ കാടുമൂടി ഉപയോഗ്യശൂന്യമാണ്. സൗരവേലികൾ നന്നാക്കണം, മൃഗങ്ങൾ ജനവാസ മേഖലകളിക്കേറിങ്ങാതെ തടയാൻ കാര്യക്ഷമമായ നടപടികളുണ്ടാകണം.
പഞ്ചായത്തംഗം സനില രാജൻ കൂച്ചേടത്ത് പറയുന്നതങ്ങനെ