കാഞ്ഞിരപ്പള്ളിയിൽ നിന്നും ഡൽഹിയിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നുവോ ?
.
മനുഷ്യർ നിസ്സഹായനായി പ്രാണവായുവിനെവേണ്ടി പിടിയ്ക്കുന്ന ഡൽഹിയിലെ ദയനീയ കാഴ്ചകൾ ആരെയും ഭയപ്പെടുത്തും . എങ്കിലും അതൊന്നും മനസ്സിലാക്കാതെ, കോവിഡ് മഹാമാരിയെ നിസ്സാരമായി കാണുന്നവർ നമ്മുടെ നാട്ടിൽ വളരെയധികം ഉണ്ട് .
കാഞ്ഞിരപ്പള്ളിയിലെ ഒരു പ്രമുഖ ഡോക്ടർ സ്വകാര്യമായി വെളിപ്പെടുത്തിയ കാര്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തിന്റെ അടുത്ത് പലപ്പോഴായി പരിശോധനയ്ക്ക് എത്തിയവരിൽ 14 പേർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അവരെല്ലാം ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നുവത്രേ. എന്നാൽ അവർക്ക് കോവിഡിന്റെ ശക്തമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡോക്ടർ RTPCR ടെസ്റ്റ് നടത്തുവാൻ നിർദേശിക്കുകയും, അവരെല്ലാം പോസിറ്റിവ് ആണെന്ന് തെളിയുകയും ചെയ്തു. കോവിഡ് പോസിറ്റിവ് ഉള്ളവർ ആന്റിജൻ ടെസ്റ്റിലൂടെ ചിലപ്പോൾ ലഭിക്കുന്ന ഫാൾസ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സമൂഹത്തിൽ വ്യാപാരിക്കുമ്പോൾ ഉണ്ടാകുന്ന ദുരന്തം വളരെ വലുതാണ്.
ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് കണ്ടാലും, രോഗ ലക്ഷണങ്ങൾ ഉള്ളവർ RTPCR ടെസ്റ്റ് നിർബന്ധമായും ചെയ്തിരിക്കണം. അല്ലെങ്കിൽ, പോസറ്റീവ് ആയവർ, തങ്ങൾ നെഗറ്റീവ് ആണെന് കരുതി, അവരറിയാതെ സമൂഹത്തിൽ വലിയതോതിൽ വ്യാപനം നടത്തിയേക്കും. കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏറെയുണ്ടെങ്കിലും, കോവിഡ് വ്യാപനം വളരെ കൂടുതയായി ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം നാം ആന്റിജൻ ടെസ്റ്റിനെ പ്രധാനമായും ആശ്രയിക്കുന്നതുകൊണ്ടാണ്.
കോവിഡ് രോഗലക്ഷണങ്ങൾ എല്ലാമുള്ള ഒരു രോഗിയെ ഡോക്ടർ പരിശോധനക്കായി കാഞ്ഞിരപ്പള്ളിയിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിലേക്കു പറഞ്ഞു വിടുകയും, എന്നാൽ അവിടെ ചെന്നപ്പോൾ പരിശോധന നടത്താതെ, കുഴപ്പമൊന്നും ഇല്ലയെന്നു പറഞ്ഞു കുറച്ചു പാരസെറ്റമോൾ കൊടുത്തുവിടുകയുമാണ് ചെയ്തത്. എന്നാൽ ഡോക്ടർ നിർബന്ധിച്ചു അയാളെ സ്വകാര്യ ലാബിൽ ടെസ്റ്റ് ചെയ്യുവാൻ വിടുകയും, റിസൾട്ട് വന്നപ്പോൾ, അയാൾ പോസറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു.
തുടർച്ചയായുള്ള ജോലിഭാരം മൂലം നമ്മുടെ ആരോഗ്യപ്രവർത്തകർ ദുരിതത്തിലാണെങ്കിലും, ചിലരെങ്കിലും ഉത്തരവാദിത്തമില്ലാതെ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് സമൂഹത്തിൽ രോഗം പടർത്തുന്നതിന് കാരണമാകാറുണ്ട്.
കാഞ്ഞിരപ്പള്ളി മേഖലയിലെ പല വ്യാപാര സ്ഥാപനങ്ങളിലും ധാരാളം കോവിഡ് കേസുകൾ ഉണ്ടാകാറുണ്ടെകിലും, പലരും അത് രഹസ്യമാക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ചില സ്ഥലങ്ങളിൽ, ചില ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും, കൂടെ ജോലി ചെയ്യുന്ന സഹജീവനക്കാരെ പരിശോധിക്കുവാൻ പോലും ഉടമകൾ സമ്മതിക്കാത്ത ചില കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായി എന്നറിഞ്ഞാൽ കട അടയ്‌ക്കേണ്ടിവരുമോ എന്ന ഭീതിയിൽ, കേവലം സാമ്പത്തിക ലാഭത്തിനു വേണ്ടി ഇങ്ങനെ ചെയ്യുന്നവർ സമൂഹത്തോട് വലിയ ദ്രോഹമാണ് ചെയ്യുന്നത് .
ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് രോഗം ബാധിച്ചാൽ, ആ കാര്യം പൊതുജനത്തെ അറിയിച്ചാൽ, ആ കടയിൽ കയറിയവർക്ക് സ്വയം പരിശോധിച്ച് രോഗം പിടികൂടിയോ എന്നറിയുവാൻ സാധിക്കും, എന്നാൽ കടക്കാർ ആ വിവരം മറച്ചുവയ്ക്കുന്നതോടെ, അവരുമായി സമ്പർക്കത്തിലുള്ളവർ സമൂഹത്തിൽ അവർ അറിയാതെ തന്നെ രോഗവ്യാപനത്തിനു ഇടയാക്കിയേക്കാം. ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത് രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് രോഗമാണ് എന്നത് , ഇത്തരം സംഭവങ്ങൾ മൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ ആഴം വർധിപ്പിക്കുന്നു.
ഇത്തരത്തിൽ നാം നമ്മെതന്നെ സ്വയം ചതിക്കുകയാണെങ്കിൽ, നാമെങ്ങനെ രക്ഷപെടും ? നമ്മുടെ നാട് മറ്റൊരു ഡൽഹി ആകാതിരിക്കുവാൻ നാം രോഗം ഒളിച്ചുവയ്ക്കാതെ, രോഗം കൂടുതൽ പേരിലേക്ക് പടർത്താതിരിക്കുവാൻ ശ്രമിക്കുക. ഏവരും ഒത്തൊരുമിച്ചു ഒരേമനസ്സോടെ ഈ മഹാമാരിയെ ചെറുക്കുക .. അതല്ലെങ്കിൽ, കാഞ്ഞിരപ്പള്ളിയിൽ നിന്നും ഡൽഹിയിലേക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞു വരും എന്നതിൽ സംശയമില്ല.