കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: സുമതിക്കുട്ടി ഇനി നടക്കും, ഈസിയായി

കാഞ്ഞിരപ്പള്ളി∙ ജനറൽ ആശുപത്രിയിൽ ആദ്യമായി കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. കൊല്ലം  സ്വദേശിനി സുമതിക്കുട്ടിയുടെ (63) വലതു കാൽമുട്ട് മാറ്റിയാണ്  കൃത്രിമ കാൽമുട്ട് വച്ചത്. കാൽമുട്ടിലെ അസ്ഥി തേയ്മാനത്തെ (ഓസ്റ്റിയോ ആർത്രൈറ്റിസ്) തുടർന്നാണ് കാൽമുട്ട് മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. സ്വകാര്യ ആശുപത്രികളിൽ ഒന്നര ലക്ഷം രൂപ വരെ ചെലവുവരുന്ന ശസ്ത്രക്രിയയാണ്. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്കു ഇവിടെ ശസ്ത്രക്രിയ സൗജന്യമാണ്.

അല്ലാത്തവർക്ക് കൃത്രിമ കാൽമുട്ടിനും, ഇതു മാറ്റിവയ്ക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾക്കുമായി എഴുപതിനായിരത്തോളം രൂപ ചെലവു വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  രണ്ടു മണിക്കൂർ ശസ്ത്രക്രിയയ്ക്ക് ജനറൽ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ.ബാബു സെബാസ്റ്റ്യൻ, ജൂനിയർ കൺസൽറ്റന്റ് ഡോ.അനു ജോർജ് അനസ്തീസിയ വിഭാഗത്തിലെ ഡോ. മിനി ജയകുമാർ , ഡോ. മഞ്ജു.എം.കുമാർ എന്നിവർ നേതൃത്വം നൽകി. പുനലൂർ ഗവ.ആശുപത്രിയിൽ ഡോ.അനു ജോർജിന്റെ ചികിത്സയിലായിരുന്ന സുമതിക്കുട്ടി , ഡോ. അനു കാഞ്ഞിരപ്പള്ളിയിലേക്കു സ്ഥലം മാറിയതോടെ ചികിത്സയും ഇവിടേക്കു മാറ്റുകയായിരുന്നു.

മൂന്നു ദിവസത്തിനുള്ളിൽ സുമതിക്കുട്ടിക്കു നടക്കാനാകുമെന്നു ഡോ.ബാബു സെബാസ്റ്റ്യൻ അറിയിച്ചു. ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകുന്നതോടെ ഓർത്തോ വിഭാഗത്തിനു മാത്രമായി ആധുനിക ഓപ്പറേഷൻ തിയറ്റർ സജ്ജമാകും. ഇതോടെ കൂടുതൽ രോഗികളിൽ ഇത്തരത്തിലുള്ള ശസ്ത്രക്രിയകൾ നടത്താനാകും. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ള പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ‍ ഏറെ പ്രയോജനകരമാകുമെന്നും ഡോ.ബാബു സെബാസ്റ്റ്യൻ അറിയിച്ചു.

error: Content is protected !!