പി.സി. ജോർജ് പല്ലു വച്ചു, കണ്ണന്താനം കപ്പ നട്ടു; ഇടവേളയിൽ സ്ഥാനാർഥികൾ എന്തു ചെയ്തു, ഉത്തരം ഇതാ…
മോൻസും ഭാര്യയും എംഎയ്ക്കു പഠിക്കുന്നു, സി.കെ. ആശ കടുകുമാങ്ങ അച്ചാറിട്ടു, കണ്ണന്താനം കപ്പ നട്ടു, പി.സി. ജോർജ് പല്ലു വച്ചു, മാണി സി കാപ്പൻ വീട്ടിലൂണു കഴിച്ചു തുടങ്ങി ! വോട്ടെടുപ്പു കഴിഞ്ഞ് കിട്ടിയ ഇടവേളയിൽ സ്ഥാനാർഥികൾ എന്തു ചെയ്തുവെന്ന ചോദ്യത്തിനുത്തരം ഇതാ…
വോട്ടിങ് യന്ത്രത്തിൽ വീണ വോട്ടിന്റെ സസ്പെൻസ് പൊട്ടിക്കാൻ ഒരാഴ്ച ബാക്കി. രാപകൽ വ്യത്യാസമില്ലാതെ നടത്തിയ അധ്വാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥികൾ. ആഴ്ചകൾ നീണ്ട പ്രചാരണവും പിന്നീട് വോട്ടെടുപ്പും കഴിഞ്ഞിട്ടും സ്ഥാനാർഥികളുടെ തിരക്ക് തീരുന്നില്ല. വിവാഹം, കോവിഡ് പ്രതിരോധം ഇങ്ങനെ നീളുന്നു തിരക്കുകൾ. എങ്കിലും വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഇടയിലുള്ള സമയത്തു തികച്ചും ‘പഴ്സനലായ’ ചില കാര്യങ്ങൾക്കും സ്ഥാനാർഥികൾ സമയം കണ്ടെത്തി. അത്തരം ചില ‘കൊച്ചു കൊച്ചു വീട്ടുകാര്യങ്ങൾ’ ഇങ്ങനെ
മോൻസ് കോളജിൽ പഠിക്കുകയാണ്
തിരഞ്ഞെടുപ്പ് പരീക്ഷയ്ക്കു പിന്നാലെ സർവകലാശാലാ പരീക്ഷയുടെ തിരക്കിലാണ് മോൻസ് ജോസഫ് എംഎൽഎ. കൂട്ടിനു ഭാര്യ സോണിയയും ഉണ്ട്. ഇരുവരും എംഎ സോഷ്യോളജി രണ്ടാം വർഷ വിദ്യാർഥികളാണ്. മേയിലാണ് പരീക്ഷ. ഇതേ സമയം മകൾ മെരീനയ്ക്കു ഡിഗ്രി പരീക്ഷയുമുണ്ട്. ഇതോടെ വീട്ടിൽ എല്ലാവരും പരീക്ഷാ മൂഡിലായി. വേളാങ്കണ്ണിയിലേക്ക് തീർഥയാത്ര ആഗ്രഹിച്ചങ്കിലും കോവിഡ് കാലമായതിനാൽ ഒഴിവാക്കി. പ്രചാരണ സമയത്തു ഭക്ഷണം കുറച്ചിരുന്നു. തടി അധികം കൂട്ടാതെ നോക്കണമെന്ന ഉപദേശം കണക്കിലെടുത്തു ഭക്ഷണത്തിലെ മിതത്വം തുടരാനാണ് തീരുമാനം.
ആശ സാധിച്ചു, അച്ചാറിട്ടു
എംഎൽഎയായ ശേഷം സമയക്കുറവ് മൂലം മുടങ്ങിപ്പോയ ഒരു അടുക്കളക്കാര്യം നടപ്പായതിന്റെ സന്തോഷത്തിലാണു സി.കെ. ആശ. കടുകുമാങ്ങാ അച്ചാർ ഇട്ടതാണ് എംഎൽഎയുടെ സ്വകാര്യ സന്തോഷം ! കുറച്ചൊന്നുമല്ല, 2 ദിവസത്തെ അധ്വാനം കൊണ്ടു 11 കിലോ അച്ചാറാണ് ഇട്ടത്. എംഎൽഎയുടെ വീടിനടുത്തുള്ള പുളിഞ്ചുവട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മാവിൽ നിന്നു ലേലം ചെയ്യുന്ന മാങ്ങ പറിച്ച് അച്ചാർ ഇട്ടു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുന്ന പതിവ് നേരത്തേയുണ്ടായിരുന്നു. തിരഞ്ഞെടുപ്പു ചൂട് അടങ്ങിയതോടെ ആഘോഷമായി അച്ചാർ ഇട്ടു.
ജോർജ് പല്ലുവച്ചു, ചിരി ജോറായി !
പ്രചാരണ സമയത്തു കുറഞ്ഞ ശരീരഭാരം ഈ ദിവസങ്ങളിൽ തിരിച്ചു പിടിച്ച് പി.സി. ജോർജ് എംഎൽഎ. നാട്ടുകാരൻ ജോജി മുണ്ടക്കയം അഭിനയിച്ച ‘ജോജി’ എന്ന സിനിമ കാണാൻ തുടങ്ങിയെങ്കിലും കൊലപാതക സീൻ വരുന്നതിനു മുൻപേ നിർത്തി. സിനിമയിലായാലും കൊലപാതക ദൃശ്യങ്ങൾ കാണാൻ താൽപര്യമില്ല. തിരക്കു മൂലം പല തവണ മാറ്റി വച്ച ഒരാവശ്യം സാധിച്ചെടുത്തതിന്റെ ചിരിയുണ്ട് മുഖത്ത്. സന്തോഷവും ഉണ്ട്. വർഷങ്ങൾക്കു മുൻപ് ഇളകിപ്പോയ 2 അണപ്പല്ലിനു പകരം വയ്പുപല്ലുകൾ വയ്ക്കാൻ കഴിയുന്നതാണ് ആ സന്തോഷം. കോട്ടയം ഡെന്റൽ കോളജിൽ നിന്ന് മികച്ച സേവനമാണ് ലഭിച്ചതെന്നു ജോർജിന്റെ കമന്റ്.
അൻപതിന്റെ 2 നോട്ട് വിഷുക്കൈനീട്ടം
ഔദ്യോഗിക തിരക്കുകളിൽ നിന്നു മാറി വിഷു ദിനത്തിൽ പൂർണ സമയം കുടുംബാംഗങ്ങൾക്കൊപ്പം കുഞ്ചിത്തണ്ണിയിലെ വീട്ടിൽ ചെലവഴിക്കാൻ മന്ത്രി എം.എം.മണിക്ക് അവസരം കിട്ടി. വിഷുക്കൈനീട്ടം നൽകാൻ പണം കരുതിയാണ് ഇത്തവണ വീട്ടിലേക്ക് പോയത്. 2,000 രൂപയുടെ 2 നോട്ടുകൾ കൊടുത്തിട്ട് പകരം പുതിയ 100 രൂപയുടെ നോട്ടുകൾ വാങ്ങാൻ പഴ്സനൽ സ്റ്റാഫിനോടു നിർദേശിച്ചിരുന്നു. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്കിൽ ആ സമയം 50 രൂപയുടെ പുതിയ നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ ബന്ധുക്കൾക്കും സ്റ്റാഫിനുമൊക്കെ കൊടുത്തു അൻപതിന്റെ രണ്ടു നോട്ടുകൾ വീതം കൈനീട്ടം. സുഹൃത്തുക്കൾക്കൊപ്പം കഥകൾ പറഞ്ഞിരിക്കാനും വൈകിട്ട് കുഞ്ചിത്തണ്ണി സിറ്റിയിൽ പോകാനും മന്ത്രി സമയം കണ്ടെത്തി.
കഥ പറഞ്ഞും കളിച്ചും ജോസഫ്
കോവിഡ് നിയന്ത്രണം മൂലം യാത്രകൾ പോകാൻ പറ്റാതെ വന്നപ്പോൾ സങ്കടം മാറ്റാൻ പി.ജെ. ജോസഫ് എംഎൽഎ മറ്റൊരു ഉപായം കണ്ടെത്തി; ചാനലുകളിലെ യാത്രാ അനുഭവ പരിപാടികൾ കാണുക. ഇതിനിടയിൽ നാലു കൊച്ചുമക്കൾക്കൊപ്പം കളിച്ചും കഥകൾ പറഞ്ഞും ഉത്തമ ഗൃഹനാഥനായി. മക്കളായ അപുവിന്റെയും ആന്റണിയുടെയും കുട്ടികളാണ് ഇവർ. പാർട്ടിയിലെ തിരക്ക്, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവ മൂലം നാലു മാസമായി മണ്ണിലിറങ്ങാൻ നേരം കിട്ടിയിരുന്നില്ല. അതുകൊണ്ട് കിട്ടിയ സമയത്ത് ഫാം ഹൗസിലും കൃഷിയിടത്തിലും കൂടുതൽ നേരം ചെലവഴിക്കുന്നു. ചീര, പയർ, തക്കാളി ഇനങ്ങൾ പുതുതായി കൃഷി ചെയ്തു. പശുക്കളുടെ കാര്യങ്ങളും ശ്രദ്ധിക്കാൻ സമയം കിട്ടി.
മണിമലയാറിനെ നെഞ്ചിലേറ്റി ജയരാജ്
കേരളത്തിന്റെ റവന്യു ചെലവ് എന്ന വിഷയത്തിൽ തയാറാക്കിയ പിഎച്ച്ഡി തീസിസ് ലഘൂകരിച്ചു പുസ്തകമാക്കുന്ന ജോലികളിലാണ് എൻ. ജയരാജ്. 3 അധ്യായം പൂർത്തിയായി. 2 എണ്ണം ബാക്കിയാണ്. ‘എന്റെ മണിമലയാർ’ എന്ന കൂട്ടായ്മയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയപ്രകാരം ഡോ.പുന്നൻ കുര്യൻ വേങ്കടത്തുമായി ചേർന്നു മണിമലയാറിനെക്കുറിച്ചുള്ള പുസ്തകവും തയാറാക്കുന്നുണ്ട്. ഇതിന്റെ വിവരശേഖരണത്തിനും സമയം കണ്ടെത്തി. മൂകാംബികയ്ക്കു പോകാൻ ആഗ്രഹിച്ചെങ്കിലും കോവിഡ് നിയന്ത്രണം മൂലം സാധിച്ചില്ല.
മകൾക്കൊപ്പം വാഴയ്ക്കൻ
ജനുവരിയിലായിരുന്നു ജോസഫ് വാഴയ്ക്കന്റെ മകൾ ലയയുടെ വിവാഹം. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വാഴയ്ക്കൻ കോവിഡ് ബാധിതനായി. അതുകഴിഞ്ഞ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ ഭാഗമായി. അതും കഴിഞ്ഞപ്പോൾ സ്ഥാനാർഥിയായി; പ്രചാരണത്തിരക്കിലായി. വോട്ടെടുപ്പു കഴിഞ്ഞ് ഇടവേള കിട്ടിയപ്പോൾ മകൾ ലയ, മരുമകൻ അജയ് എന്നിവർക്കൊപ്പം കുറച്ചു ദിവസം നിൽക്കാൻ കഴിഞ്ഞു. ഈ ഒരു മാസം ചാനൽ ചർച്ചകളിൽ പങ്കെടുത്തില്ല. ഒരു ദിവസം വേളാങ്കണ്ണിക്കു പോയി. ആകാശവാണി കൊച്ചി സ്റ്റേഷൻ ഡയറക്ടറായിരുന്ന ഭാര്യ ലീലാമ്മ മാത്യുവിന്റെ യാത്രയയപ്പ് പരിപാടി കോവിഡ് നിയന്ത്രണം മൂലം മാറ്റി വച്ചതിൽ മാത്രമാണ് സങ്കടം.
വീട്ടിലൂണുമായി കാപ്പൻ
തിരഞ്ഞെ ടുപ്പു പ്രചാരണം കഴിഞ്ഞപ്പോൾ മാണി സി. കാപ്പൻ എംഎൽഎയ്ക്കു 13 കിലോ ഭാരം കുറഞ്ഞു. ഇപ്പോൾ വീട്ടിൽ നിന്നു കൃത്യ സമയത്തു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. ഇതോടെ നഷ്ടപ്പെട്ട ഭാരം തിരിച്ചു പിടിച്ചു. ഇപ്പോൾ ദിവസം 6 കല്യാണച്ചടങ്ങുകളിൽ വരെ പങ്കെടുക്കുമെങ്കിലും ഭക്ഷണം വീട്ടിൽ നിന്നു മതിയെന്നാണു നിലപാട്. കുറച്ചു റിലാക്സ് ചെയ്തു ഭക്ഷണം കഴിക്കണമെന്നാണ് ആഗ്രഹം. ഇതാണ് ഭക്ഷണം വീട്ടിൽ നിന്നാക്കിയത്. മക്കളായ ടീനയും ദീപയും കൊച്ചുമക്കളും വീട്ടിലുണ്ട്.ഇവർക്കൊപ്പം സമയം ചെലവിടാൻ കഴിയുന്നതും സന്തോഷം. അടുത്ത ദിവസങ്ങളിൽ ഇവർ മടങ്ങുമെന്നതു സങ്കടം. 3 ദിവസം വേളാങ്കണ്ണിയിൽ ചെലവഴിച്ചിരുന്നു.
വായനയും ഉറക്കവും തിരുവഞ്ചൂരിൽത്തന്നെ
തിരഞ്ഞെടുപ്പു തിരക്ക് ഒഴിഞ്ഞതോടെ ഭക്ഷണം, ഉറക്കം ഉൾപ്പെടെ കാര്യങ്ങളിൽ കുറച്ചെങ്കിലും കൃത്യത വന്നിട്ടുണ്ടെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ജോൺ പോൾ മാർപാപ്പയെക്കുറിച്ചുള്ള പുസ്തകം വായിച്ചു തീർത്തു. രാഷ്ട്രീയ സൗഹൃദങ്ങൾ എപ്പോഴും ഉണ്ടെങ്കിലും വ്യക്തിപരമായ സുഹൃദ്ബന്ധമുള്ള ആളുകളെ കാണാനും സംസാരിക്കാനും ഈ ദിവസങ്ങളിൽ കഴിഞ്ഞു.
കരുണയോടെ ജോസ്
ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരുമെന്ന സാഹചര്യത്തിൽ അത്തരം പ്രസ്ഥാനങ്ങൾക്കായി പ്രത്യേക നിയമപരിരക്ഷ മന്ത്രിയായിരിക്കെ കെ.എം.മാണി കൊണ്ടുവന്നിരുന്നു. ഇത്തരം സ്ഥാപനങ്ങളുമായി പിതാവിനു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. പിതാവുമായി വൈകാരിക അടുപ്പമുള്ള മരിയൻ സദനത്തിൽ ഇത്തവണ അദ്ദേഹത്തിന്റെ ചരമദിനം ചെലവഴിച്ചു. മകളുടെ വിവാഹം, മകന്റെ പഠനം, പരീക്ഷ എന്നീ കാര്യങ്ങളും ഈ ഇടവേളയിൽ സംഭവിച്ചെന്നു ജോസ് കെ.മാണി പറഞ്ഞു.
70 ചുവട് കപ്പയും കണ്ണന്താനവും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ എഡിറ്റിങ് ജോലികളിലാണ് അൽഫോൻസ് കണ്ണന്താനം. ബറാക് ഒബാമ, മിഷേൽ ഒബാമ എന്നിവർ എഴുതിയ പുസ്തകങ്ങൾ വായിക്കുന്നുമുണ്ട്. തെരുവിൽ നിന്നു കിട്ടിയ ഏഴു പട്ടികളും രണ്ടു പൂച്ചകളും ഡൽഹിയിലെ വീട്ടിലുണ്ട്. അവയെ പരിചരിക്കുന്നു. ഇതിനു പുറമേ 70 ചുവട് കപ്പ നട്ടു. വഴുതന, വെണ്ട, ചീര തുടങ്ങിയവയും കൃഷി ചെയ്തു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഈ കൃഷി ഉപേക്ഷിച്ചു നാട്ടിലേക്കു വരുമ്പോൾ ഇതെല്ലാം ഉത്തരേന്ത്യക്കാർ കൈവശപ്പെടുത്തും. എങ്കിലും ഇവ എങ്ങനെ ഉപയോഗിക്കണമെന്നു വിശദമാക്കി പിൻഗാമിക്കു നോട്ട് എഴുതി വച്ച ശേഷമേ ഡൽഹിയോടു വിട പറയൂ.
വിഷുസന്തോഷത്തിൽ സോന
തിരഞ്ഞെടുപ്പിനു വൈക്കം മണ്ഡലത്തിലായിരുന്നെങ്കിലും മടങ്ങിയെത്തിയ ഡോ. സോനയ്ക്കു വിശ്രമത്തിനു സമയമില്ല. നഗരസഭാ സ്ഥിര സമിതി അധ്യക്ഷയായതിനാൽ ഒരു മാസമായി ചെയ്തു തീർക്കാനുള്ള ഒട്ടേറെ ജോലികൾ ബാക്കിയായിരുന്നു. വാർഡിലെ തിരക്കുകളും ഉണ്ടായിരുന്നു. ഇതിനിടെ വിഷുവിന്റെ ദിവസവും അടുത്ത 2 ദിവസങ്ങളിലും വീട്ടുകാർക്കൊപ്പം പൂർണമായി സമയം ചെലവഴിച്ചത് ആശ്വാസമായി.
അമ്മയുടെ മകനായി റോഷി
35 വർഷമായി തുടർന്നു വരുന്ന മലയാറ്റൂർ യാത്ര മുടക്കമില്ലാതെ നടത്താൻ കഴിഞ്ഞതിൽ സന്തോഷവാനാണു റോഷി അഗസ്റ്റിൻ. അമ്മയുടെ കണ്ണിന്റെ ചികിത്സാ സമയത്ത് കൊച്ചിയിലെ ഗിരിധർ ആശുപത്രിയിൽ ഒപ്പം നിൽക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. പ്രചാരണത്തിരക്കുകൾ മൂലം ചികിത്സ മാറ്റി വച്ചതാണ്. അവധിക്കാലത്തു യാത്ര ചെയ്യാൻ കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കോവിഡ് നിയന്ത്രണം പാലിക്കേണ്ടതു ആവശ്യമാണെന്നു ബോധ്യപ്പെടുത്തിയതോടെ അവർ സംയമനം പാലിച്ചു.