വണ്ടൻപാറ-പൊടിമറ്റം റോഡിൽ ഓടയ്ക്ക് മുകളിലൂടെ സ്ലാബിട്ട് റോഡിന് വീതി കൂട്ടുന്നു
കാഞ്ഞിരപ്പള്ളി: ആനക്കല്ല്-വണ്ടൻപാറ-പൊടിമറ്റം റോഡിൽ വീതിയില്ലായിരുന്ന ഭാഗത്ത് ഓടയുടെ മുകളിലൂടെ സ്ലാബിട്ട് വീതി കൂട്ടുന്ന നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
180 മീറ്ററോളം ഓടയ്ക്ക് മുകളിലൂടെ സ്ലാബ് ഇടുകയും റീറ്റാറിങ്ങും ഉൾപ്പെടെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. പാറത്തോട് പഞ്ചായത്ത് 18-ാം വാർഡിൽ പൊടിമറ്റം റോഡിൽനിന്ന് ആനക്കല്ല് ഭാഗത്തേക്ക് പ്രവേശിക്കുന്നയിടത്താണ് വീതികൂട്ടുന്നത്. വെള്ളമൊഴുക്കിന് തടസ്സമുണ്ടാകാത്ത രീതിയിൽ ഓട കെട്ടി വാർത്തശേഷമാകും സ്ലാബുകൾ സ്ഥാപിക്കുക. കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്നതായിരുന്നു ഈ ഭാഗം. എതിരേ വാഹനങ്ങൾ വന്നാൽ സമീപത്തെ വീടുകളുടെ മുറ്റത്തേക്ക് കയറ്റുകയോ വാഹനം പിന്നോട്ട് എടുക്കുകയോ ചെയ്യേണ്ട സ്ഥിതിയാണുണ്ടായിരുന്നത്.
കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഈരാറ്റുപേട്ട റോഡിൽ എത്തുന്നതിന് ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്. സ്കൂൾ ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന റോഡിന് വീതിയില്ലാത്തത് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ഇത് വഴിയുള്ള കാൽനട യാത്രയും അപകടകരമായിരുന്നു. വാർഡംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ജോണിക്കുട്ടി മഠത്തിനകത്തിന്റെ നേതൃത്വത്തിലാണ് നിർമാണം നടത്തുന്നത്. പണി പൂർത്തിയാകുന്നതോടെ വർഷങ്ങളായുള്ള പ്രദേശവാസികളുടെ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്ന് ജോണിക്കുട്ടി മഠത്തിനകം പറഞ്ഞു.