കാഞ്ഞിരപ്പള്ളിയിൽ കോവിഡിന്റെ കുതിപ്പ് തുടരുന്നു , ചികിത്സ കിട്ടാതെ രോഗികൾ വലയുന്നു..
കാഞ്ഞിരപ്പള്ളി: കോവിഡ് രോഗബാധിതരുടെ എണ്ണം ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ 500 കവിയുന്നു. ബുധനാഴ്ച 126 പേർക്കും വ്യാഴാഴ്ച 59 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗബാധിതരിൽ ഏറെയും പേർ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. പ്രായമായവരും കുട്ടികളും ഇതിൽപ്പെടുന്നു. കോവിഡ് രോഗലക്ഷണമുള്ളവരും നിരവധിപേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോവിഡ് പരിശോധനാകിറ്റുകളുടെ ദൗർലഭ്യം കൂടുതൽ പരിശോധന നടത്തുന്നതിനെ ബാധിക്കുന്നുണ്ട്. പോലീസ് നടത്തിയ പരിശേധനയിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഏഴ് പേർക്കെതിരേ നടപടി സ്വീകരിച്ചു.
ചികിത്സാകേന്ദ്രങ്ങളില്ല
കോവിഡ് സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനായി മേഖലയിൽ സി.എഫ്.എൽ.ടി.സി. ഇതുവരെ തുറന്നിട്ടില്ല. കഴിഞ്ഞ 20-ന് ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി.എഫ്.എൽ.ടി.സി. ആരംഭിക്കുന്നതിന് കത്ത് നൽകിയിരുന്നു. പാറത്തോട് പൊടിമറ്റത്ത് കെട്ടിടം കണ്ടെത്തിയെങ്കിലും ഡോക്ടർ, നഴ്‌സ് തുടങ്ങിയവരുടെ സേവനവും മറ്റ് സൗകര്യങ്ങളും ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല.
സി.എഫ്.എൽ.ടി.സി. തുറക്കുന്നത് ഇനിയും വൈകാനാണ് സാധ്യത. നിലവിൽ 50 കിടക്കകളുള്ള ഡെമിസിലിയറി കെയർ സെന്റർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടെ നിലവിൽ കിടക്കകൾ ഒഴിവില്ലാത്തസ്ഥിതിയുമാണ്. ഓക്‌സിജൻ, വെന്റിലേറ്റർ സൗകര്യമുള്ള ജനറൽ ആശുപത്രിയിൽ കോവിഡ് ബാധിതർക്ക് ചികിത്സയുമില്ല.
പനി ബാധിതർക്കായി പ്രത്യേക ഒ.പി. മാത്രമാണ് പ്രവർത്തിക്കുന്നത്.