നാവിന്റെ ഉന്നം പിഴച്ച് പി.സി.ജോർജ്

ഈരാറ്റുപേട്ട കൈവിട്ടു. മറ്റു പഞ്ചായത്തുകൾ കൈ പിടിച്ചില്ല. ഫലം ജോർജ് ഇനി പൂഞ്ഞാർ എംഎൽഎ അല്ല. ഈരാറ്റുപേട്ട നഗരസഭയിൽ വോട്ട് കുറയുമെന്നു പ്രതീക്ഷിച്ചു തന്നെയാണു ജോർജ് മത്സരത്തിനിറങ്ങിയത്. ഇൗ കുറവ് പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട്, കൂട്ടിക്കൽ, എരുമേലി അടക്കം പഞ്ചായത്തുകളിൽ നിന്നു നികത്തിയെടുക്കാമെന്നായിരുന്നു പ്രതീക്ഷ. എൻഡിഎ സ്ഥാനാർഥി നിർണയത്തിലെ ആശയക്കുഴപ്പം മുതലാക്കാമെന്നും ജോർജ് കണക്കുകൂട്ടി. എൽഡിഎഫ്–യുഡിഎഫ് വോട്ടുകളുടെ ഒരു വിഹിതം 2016ൽ സംഭവിച്ചതു പോലെ തനിക്കൊപ്പം പോരുമെന്നും ഉറപ്പിച്ചു.

ഈ മൂന്നു ഘടകങ്ങളും പി.സി.ജോർജിനു വിചാരിച്ചതു പോലെ ലഭിച്ചില്ല. ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ 21 ബൂത്തുകൾ എണ്ണിയപ്പോൾ പി.സി.ജോർജിന് ആകെ ലഭിച്ചത് 395 വോട്ടാണ്. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന് 6458. ഈ ട്രെൻഡ് തകർക്കാൻ ഒരു പഞ്ചായത്തിലും പി.സി.ജോർജിനു സാധിച്ചില്ല. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട് പഞ്ചായത്തുകളിൽ മുന്നേറ്റം ലഭിച്ചെങ്കിലും ഭൂരിപക്ഷത്തിലേക്ക് എത്തിയില്ല.

അവസാന റൗണ്ടുകളിൽ കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകൾ എണ്ണിയപ്പോഴേക്കും എൽഡിഎഫ് ഭൂരിപക്ഷം കുതിച്ചുയർന്നു. സിപിഐക്കു കൂടി സ്വാധീനമുള്ള മേഖലകളാണിത്. പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പി.സി.ജോർജ് മകൻ ഷോൺ ജോർജിനെ സ്ഥാനാർഥിയാക്കിയതു ടെസ്റ്റ് ഡോസായിരുന്നു. അതു വിജയിച്ചു. പക്ഷേ ഇക്കുറി ഏശിയില്ല.

ജോർജിന്റെ പൂഞ്ഞാർ പോരാട്ടങ്ങൾ

വർഷം, പാർട്ടി , ഭൂരിപക്ഷം (പ്രധാന എതിരാളി)

നിയമസഭയിലേക്ക്

1980: കെസിജെ– 1,148 (വി.ജെ.ജോസഫ് –കെസിഎം)

1982: കെസിജെ – 10,030 (എൻ.എം.ജോസഫ് –ദൾ)

1987: കെസിജെ – തോൽവി (എൻ.എം.ജോസഫ് –ദൾ)

  • 1991: മത്സരിച്ചില്ല

1996: കെസിജെ– 10,136 (ജോയി ഏബ്രഹാം– കെസിഎം)

2001: കെസിജെ– 1,894 (ടി.വി.ഏബ്രഹാം– കെസിഎം)

2006: കെസി–സെക്കുലർ– 7,637 (ടി.വി.ഏബ്രഹാം– കെസിഎം)

2011: കെസിഎം – 15,704 (മോഹൻ തോമസ്– ഇടതു സ്വതന്ത്രൻ)

2016: സ്വതന്ത്രൻ – 27,821 (ജോർജ്കുട്ടി ആഗസ്തി –കെസിഎം)

2021: കേരള ജനപക്ഷം– തോൽവി

error: Content is protected !!