ജയരാജിനൊപ്പം വീണ്ടും കാഞ്ഞിരപ്പള്ളി, വരുമോ മന്ത്രിപദവി?
കരുത്തരുടെ ത്രികോണമത്സരത്തിൽ ജയരാജിനെ കാഞ്ഞിരപ്പള്ളി കാത്തു. എൻ.ജയരാജിന് ഇതു നാലാം ജയം. കാഞ്ഞിരപ്പള്ളിയിൽ ഹാട്രിക്കും. ഭൂരിപക്ഷം കൂടുകയും ചെയ്തു. ജയരാജിലൂടെ കാഞ്ഞിരപ്പള്ളി ഇടതുപക്ഷത്തേക്കും ചാഞ്ഞു. 2006ൽ വാഴൂർ മണ്ഡലത്തിൽ കന്നിയങ്കത്തിൽ തുടങ്ങിയ ജയരാജ് 13,703 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. 2016ൽ 3890 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. കഴിഞ്ഞ 3 തവണയും യുഡിഎഫിൽ മത്സരിച്ച ജയരാജിന് ഇത്തവണ എൽഡിഎഫിൽ മത്സരിച്ചപ്പോൾ ഭൂരിപക്ഷം പതിനായിരത്തോളം കൂടി.
മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എംപി, കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴയ്ക്കൻ എന്നിവരോടാണു ജയരാജ് ഏറ്റുമുട്ടിയത്. അമിത് ഷായും രാഹുൽ ഗാന്ധിയും വരെ എതിരാളികൾക്കായി പ്രചാരണത്തിനെത്തി. എന്നാൽ മണ്ഡലത്തിലെ ബന്ധങ്ങൾ ജയരാജിനു ശക്തിയായി. കേരള കോൺഗ്രസും (എം) എൽഡിഎഫും ഒത്തുചേർന്നപ്പോൾ വോട്ട് വിഹിതവും കൂടി.
സ്ഥാനാർഥി നിർണയത്തിന്റെ ആദ്യഘട്ടത്തിൽ സിപിഐ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീടു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിന്തുണ അറിയിച്ചതോടെ എൽഡിഎഫ് ഒറ്റക്കെട്ടായി നിന്നു. താഴെത്തട്ടിലേക്ക് ഇറങ്ങിയുള്ള എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണവും വിജയത്തിളക്കം കൂട്ടി.
കേരള കോൺഗ്രസിന്റെ (എം) ആസ്ഥാന ജില്ലയിൽ നിന്നു മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാൻ ഏറ്റവും യോഗ്യത കണക്കാക്കുന്നതു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും ഉന്നതാധികാര സമിതിയംഗവുമായ ജയരാജിനാണ്. മുൻ ഡപ്യൂട്ടി സ്പീക്കർ കെ.നാരായണക്കുറുപ്പിന്റെ മകനും റിട്ട. പ്രഫസറുമായ ജയരാജിന്റെ കഴിഞ്ഞ 15 വർഷമായി എംഎൽഎയായിട്ടുള്ള പ്രവർത്തനപരിചയവും അനുഭവസമ്പത്തും മന്ത്രിപദവിക്കു പരിഗണിക്കാനുള്ള യോഗ്യതകളായി കണക്കാക്കുന്നു. കോട്ടയം ജില്ലയിൽ നിന്നു വിജയിച്ച കേരള കോൺഗ്രസ് (എം) അംഗങ്ങളിൽ ഏറ്റവും മുതിർന്ന നേതാവ് നാലാം തവണയും വിജയിച്ച ജയരാജാണ്. മറ്റു രണ്ടു പേരുടേതും കന്നിവിജയമാണ്. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടെ വിശ്വസ്തനാണു ജയരാജൻ. പാർട്ടിയിൽ ഒരു വിഭാഗം ജയരാജിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.