എരുമേലിക്ക് ജില്ലാ പഞ്ചായത്തുവക ആംബുലൻസ്
എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ ആംബുലൻസ് അനുവദിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി പറഞ്ഞു.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് എരുമേലി മീഡിയാ സെന്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. രണ്ടാഴ്ചയ്ക്കുള്ളിൽ ആംബുലൻസ് എത്തും. ഡ്രൈവറെ നിയോഗിക്കുന്നതും വാഹനത്തിന്റെ മെയിന്റനൻസും പഞ്ചായത്ത് വഹിക്കും. നിലവിൽ പഞ്ചായത്തിന്റെ പല വാർഡുകളിലായി കോവിഡ് ബാധിതർക്ക് ചികിത്സാ ആവശ്യത്തിന് വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ടെങ്കിലും ആംബുലൻസ് സൗകര്യം സമയത്തിന് കിട്ടിയിരുന്നില്ല. .
കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ ക്രമീകരങ്ങളും നടപ്പാക്കിയതായും വാർഡുതലത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ രാവും പകലും കർമനിരതരാണെന്നും പ്രസിഡന്റ് പറഞ്ഞു. കോവിഡ് ബാധിതർക്കായി ഹെൽപ്പ് ഡെസ്കും വാർ റൂമും പ്രവർത്തിക്കുന്നുണ്ട്.
ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ആഹാരം വിതരണംചെയ്യുന്നുണ്ട്. ഇതിനായി സമൂഹ അടുക്കള പ്രവർത്തനം തുടങ്ങി. കോവിഡ് രോഗികൾക്കായി സേവാഭാരതി, എം.ഇ.എസ്., ഡി.വൈ.എഫ്.ഐ. തുടങ്ങി വിവിധ സംഘടനകൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ സമൂഹ അടുക്കളയുടെ സേവനം കൂടുതൽ വ്യാപിപ്പിക്കാനാവുമെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തംഗം വി.ഐ.അജി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.