വാസവൻ

 

കോട്ടയം: ‘നാട്ടിലെന്തെങ്കിലും സംഭവമുണ്ടായാൽ ഒരാളെ അറിയിച്ചാൽ മതി. പോലീസും ഫയർഫോഴ്‌സും അവിടെ പാഞ്ഞെത്തിക്കോളും’ കോട്ടയത്ത് നാട്ടുകാർക്കിടയിലെ സംസാരമാണിത്. വി.എൻ.വാസവനാണ് ഈ കഥാനായകൻ. പാർട്ടിയിൽ മാത്രമല്ല; ജനകീയപ്രശ്‌നങ്ങളിലും നായകനായി എന്നുമുണ്ടായിരുന്നുവെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ട. ഏതു പ്രതിസന്ധിയിലും അത്യാഹിതത്തിലും ഓടിയെത്തുന്നയാൾ. പാർട്ടിയിലും പൊതുസമൂഹത്തിലുമുള്ള ജനകീയതതന്നെയാണ് വാസവനെ മന്ത്രിപദത്തിലേക്ക് എത്തിക്കുന്നത്.

രോഗമൊരു കുറ്റമാണോ

കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് മഹാമാരി ആദ്യമായി ഭീതി പരത്തിയ നാളുകളിൽ രോഗികൾക്ക് ആശ്വാസം പകരാൻ വാസവൻ മുന്നിലുണ്ടായിരുന്നു. ഇറ്റലിയിൽനിന്നെത്തിയ തിരുവാർപ്പ് സ്വദേശിയായ യുവാവും കുടുംബാംഗങ്ങളും രോഗബാധിതരായപ്പോൾ ഭയന്നുനിന്ന നാട്ടുകാരോട് വാസവന്റെ ചോദ്യം ഇങ്ങനെയായിരുന്നു. ‘രോഗം ഒരു കുറ്റമാണോ’.

അവരെ ആശുപത്രിയിലെത്തിക്കാൻ മുന്നിട്ടിറങ്ങിയതോടെയാണ് സഹായവുമായി നാട്ടുകാരും ഒപ്പം ചേർന്നത്. ദുരിതകാലത്ത്‌ ഒപ്പംനിന്ന നേതാവിനും പാർട്ടിക്കും തിരഞ്ഞെടുപ്പിൽ തിരുവാർപ്പ് പഞ്ചായത്ത് നൽകിയത് 4700 വോട്ടിന്റെ ഭൂരിപക്ഷം. അയ്മനത്ത് കോവിഡ് രോഗി മരിച്ചപ്പോൾ മൃതദേഹം സംസ്‌കരിക്കാൻ മുന്നിട്ടിറങ്ങിയതും അദ്ദേഹമായിരുന്നു. 

ജില്ലയിലെ ഒട്ടേറെ അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ജീവകാരുണ്യപ്രസ്ഥാനമായ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ കൂടിയായ വാസവനായിരുന്നു. ഐങ്കൊമ്പ് ബസപകടവും ശബരിമല പുല്ലുമേട് ദുരന്തവുമുണ്ടായ സമയത്ത് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് കർമനിരതനായിരുന്നു വാസവൻ. 

സഖാക്കളുടെ വി.എൻ.വി.

മികച്ച പ്രാസംഗികൻകൂടിയാണ് സഖാക്കളുടെ പ്രിയങ്കരനായ വി.എൻ.വി. 

ജന്മനാടായ മറ്റക്കരയിലെ ജ്ഞാനപ്രബോധിനി എന്ന വായനശാലയാണ് അതിന് അടിത്തറയിട്ടത്. ചരിത്രവും കവിതയും സഞ്ചാരസാഹിത്യവും ഇഷ്ടപ്പെടുന്ന അദ്ദേഹം ഏതു കാര്യത്തെക്കുറിച്ചും വസ്തുനിഷ്ഠമായി പഠിച്ചശേഷമാണ് പ്രസംഗിക്കുന്നത്.

2006-11-ൽ നിയമസഭാംഗായിരുന്ന കാലം. അന്ന് പി.കെ.ശ്രീമതിയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി. ആരോഗ്യരംഗത്ത് സ്വകാര്യമേഖലയിലെ ചൂഷണത്തെക്കുറിച്ച് നിയസഭയിൽ വാസവന്‌ സംസാരിക്കാൻ അവസരം കിട്ടി. 18 മിനിറ്റ്‌ അദ്ദേഹം ഈ വിഷയം അവതരിപ്പിച്ചു. ‘അതിനുശേഷം അന്ന്‌ ആരോഗ്യസെക്രട്ടറിയായിരുന്ന ഉഷാ ടൈറ്റസ് എന്നോട് ചോദിച്ചു’. ഡോക്ടറാണോയെന്ന്. വാസവൻ ചിരിയോടെ പറയുന്നു.അത്ര കൃത്യമായിട്ടായിരുന്നു വിഷയം പഠിച്ച്‌ അവതരിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ ആരോഗ്യരംഗത്തെ മാറ്റങ്ങളെല്ലാം അദ്ദേഹത്തിന് മനഃപാഠം. ജസ്റ്റിസ് കെ.ടി.തോമസിന്റെ പ്രഭാഷണങ്ങളിൽനിന്നാണ് താൻ പ്രചോദനം ഉൾക്കൊണ്ടതെന്ന്‌ അദ്ദേഹം പറയുന്നു.

ഹിമഭവൻ ഇനി മന്ത്രിയുടെ വീട്

പാമ്പാടിയിലെ ഹിമഭവൻ വീട് ആഹ്‌ളാദത്തിലാണ്. ഭാര്യ ഗീതയും മകൾ ഗ്രീഷ്മയും ഈ ആഹ്‌ളാദം പങ്കുവെയ്ക്കാൻ വാസവന് ഒപ്പമുണ്ട്. മൂത്ത മകൾ ഡോ. ഹിമ അടുത്ത ദിവസമേ എത്തൂ.

‘സന്തോഷമുണ്ട്.’ മന്ത്രിയാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗീതയും ഗ്രീഷ്മയും ഒരേസ്വരത്തിൽ പറഞ്ഞു.

‘രാഷ്ട്രീയകാര്യമൊന്നും വീട്ടിൽ സംസാരിക്കാറില്ല’-ഇവിടെ വന്നാൽ കുടുംബകാര്യങ്ങൾ മാത്രം ‘എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ ആവശ്യത്തിന് ഒപ്പമുണ്ടാകാറുണ്ട്.’ വാസവൻ എന്ന ഗൃഹനാഥന് ഭാര്യ ഗീത മാർക്കിട്ടു. 

‘ടീച്ചറിന്റെ സ്‌കൂളിലെ കാര്യങ്ങളെക്കുറിച്ച് ഞാനും തിരക്കാറില്ല.’-വാസവൻ ബാക്കി പൂരിപ്പിച്ചു. സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്‌കൂൾ അധ്യാപികയായിരുന്ന ഗീത ഇക്കഴിഞ്ഞ മാർച്ചിലാണ് വിരമിച്ചത്.© 2019 All Rights Reserved. Powered by Summit

error: Content is protected !!