പ്രതിരോധം കടുപ്പിച്ചു, എരുമേലിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു
എരുമേലി: ലോക്‌ഡൗൺ നിയന്ത്രണങ്ങൾക്കൊപ്പം പഞ്ചായത്തും പോലീസും ആരോഗ്യവകുപ്പും രാപകലില്ലാതെ കഷ്ടപ്പെടുന്നതിന് ഫലമായി. എരുമേലിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുതുടങ്ങി.
മൂന്നുദിവസം മുമ്പുള്ള കണക്കുപ്രകാരം എരുമേലി ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 490 ആയിരുന്നു. ആരോഗ്യ വകുപ്പിന്റെ ചൊവ്വാഴ്ചത്തെ കണക്കുപ്രകാരം എരുമേലി ഗ്രാമപ്പഞ്ചായത്തിലെ 23 വാർഡുകളിലായി 333 പേരാണ് കോവിഡ് പോസിറ്റീവായുള്ളത്. ഇതിൽ ശ്രീനിപുരം, ചേനപ്പാടി, മൂക്കംപെട്ടി വാർഡുകളിലാണ് രോഗബാധിതർ കൂടുതൽ. ശ്രീനിപുരം-43, ചേനപ്പാടി-39, മൂക്കംപെട്ടി-38, കിഴക്കേക്കര-24, ഒഴക്കനാട്-22, വാഴക്കാല-21 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
അറുപതോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ടുചെയ്ത കാരിശ്ശേരി വാർഡിൽ രോഗബാധിതരുടെ എണ്ണം 16 ആയി. കൺടെയ്ൻമെന്റ് സോണിലായ മുക്കൂട്ടുതറ, ഉമിക്കുപ്പ വാർഡുകളിൽ രോഗബാധിതരുടെ എണ്ണം യഥാക്രമം അഞ്ച്, എട്ട് ആയി കുറഞ്ഞു.
രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ അടച്ച് പോലീസ് നിയന്ത്രണം കടുപ്പിച്ചതും അടച്ച പ്രദേശങ്ങളിൽ ഭക്ഷണവും മരുന്നും സഹായങ്ങളും എത്തിക്കാൻ പഞ്ചായത്തും പോലീസും ആരോഗ്യ വകുപ്പും സന്നദ്ധ പ്രവർത്തകരും സമയഭേദമില്ലാതെ പ്രവർത്തിച്ചതും സഹായകമായി.