നിയന്ത്രണങ്ങൾ മറന്ന് ജനങ്ങൾ ടൗണിലേക്ക് ഇറങ്ങുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു
കാഞ്ഞിരപ്പള്ളി: കോവിഡും നിയന്ത്രണങ്ങളും മറന്ന് ജനങ്ങൾ ടൗണിലേക്ക് ഇറങ്ങുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. രണ്ട് ദിവസത്തെ നിന്ത്രണങ്ങള്ക്ക് ശേഷം ടൗണിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം തുറന്നതോടെ കാഞ്ഞിരപ്പള്ളി ഗതാഗതക്കുരുക്കിലമര്‍ന്നു. ദേശീയപാതയില്‍ പേട്ടക്കവല മുതല്‍ കുരിശുങ്കല്‍ പഞ്ചായത്ത് ഓഫീസുവരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ ഗതാഗത കുരുക്കിലായി. വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ കൂട്ടത്തോടെ ഇറങ്ങിയതാണ് തിരക്കിന് കാരണമായത്. ദേശീയപാതയുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതും കുരുക്കിന് മറ്റൊരു പ്രധാനകാരണമായി. കോവിഡ് മുന്‍കരുതലുകള്‍ ശക്തമാണെങ്കിലും പട്ടണത്തിലെ തിരക്ക് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഇടയക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. തിരക്ക് വർധിക്കുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
കോവിഡ് വ്യാപനം തടയുന്നതിന് ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പും പഞ്ചായത്തും നിർദേശം നല്കി. കഴിഞ്ഞ 22 വരെ 6.30 ശതമാനമായിരുന്നു കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍, 27ന് 6.81 ശതമാനമായി. പാറത്തോട് പഞ്ചായത്തിൽ 22 വരെ 7.25 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27ന് 8.72 ശതമാനമായി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്നും കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ എല്ലാ ആഴ്ചയിലും പരിശോധനകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.