മുൻഗണനാ റേഷൻകാർഡ് സറണ്ടർ കാലാവധി 15 വരെ നീട്ടണമെന്ന് റേഷൻ കാർഡ് ഉടമ സംഘടന
അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ 30 നകം പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന സർക്കാർ അന്ത്യശാസനം ലോക്ഡൗണ്‍ പരിഗണിച്ച് ജൂലൈ 15 വരെ നീട്ടണമെന്ന് ഓൾ ഇന്ത്യ റേഷൻ കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് ബേബിച്ചൻ മുക്കാടൻ, ദേശീയ ജനറൽ സെക്രട്ടറി നൈനി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് ഷൈനി ചെറിയാൻ എന്നിവർ ഭക്ഷ്യമന്ത്രിയോടാവശ്യപ്പെട്ടു.
ലോക്ഡൗണ്‍ മൂലം പല സ്ഥലങ്ങളിലും വാഹനസൗകര്യം ലഭ്യമല്ലാത്തതും പല താലൂക്ക് സപ്ലൈ ഓഫീസുകളിലും അപേക്ഷ നേരിട്ടു സ്വീകരിക്കാത്തതും ഓണ്‍ലൈനിലൂടെ അപേക്ഷ അയയ്ക്കാൻ പരിചയമില്ലാത്തവരും മുൻഗണനാ കാർഡുകൾ സറണ്ടർ ചെയ്യാൻ കഴിയാതെ കാർഡ് ഉടമകൾ ബുദ്ധിമുട്ടുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. പിഴയോ ശിക്ഷയോ ഇല്ലാതെ കാർഡുകൾ മാറ്റുന്നതിനുള്ള അവസരം ഈ മാസം ഒന്നു മുതലാണ് നിലവിൽ വന്നത്. 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അല്ലെങ്കിൽ പിഴ ഈടാക്കാനാണ് സർക്കാർ തീരുമാനം.
അനർഹർ ഒഴിവാകുന്നതനുസരിച്ച് പട്ടികയ്ക്കു പുറത്തുള്ള അർഹരായവരെ ഉൾപ്പെടുത്താനാണു നീക്കം.
അനർഹമായി മുൻഗണനാ കാർഡ് കൈവശപ്പെടുത്തി വാങ്ങിയ ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യത്തിനും സർക്കാർ നിരക്കിലുള്ള തുകയായ 64 രൂപ ഒരു കിലോ അരിക്ക് പിഴയായി ഈടാക്കാനാണു തീരുമാനം.