കാഞ്ഞിരപ്പള്ളി അമൽജ്യോതിയിൽ സ്റ്റാർട്ടപ്പ് മഹോത്സവ് 2021 ചൊവ്വാഴ്ച മുതൽ
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന സ്റ്റാർട്ടപ്പ് മഹോത്സവ് നടത്തും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി.സുധീർ ഉദ്ഘാടനം ചെയ്യും.
എസ്.ആർ.എച്ച്. യൂണിവേഴ്‌സിറ്റി അക്കാദമിക് ഡയറക്ടർ പ്രൊഫ. മൈക്കിൾ ഹാർട്ട്മാന്റെ നേതൃത്വത്തിൽ ആഫ്രിക്കയിൽ നടപ്പാക്കുന്ന കൊക്കോയിൽനിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കും. അമൽജ്യോതിയിൽ പ്രവർത്തിക്കുന്ന ബൈരാക് ബയോനെസ്റ്റാണ് സ്റ്റാർട്ടപ്പ് മഹോത്സവ് നടത്തുന്നത്.
പുതിയ സംരംഭകരെ കണ്ടെത്തുക, നിലവിലുള്ളവർക്ക് അന്താരാഷ്ട്ര വിപണികൾ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം.
ഗ്രാമീണ മേഖലയിലെ വിവിധ കണ്ടുപിടിത്തങ്ങളുടെ പ്രദർശനം ‘റിം 2021’, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കായി റൂറൽ ഇന്നോവേറ്റേഴ്സ് മീറ്റ് എന്നിവ ജൂലായിൽ കോളേജിൽ നടത്തും. എൻജിനീയറിങ് വിദ്യാർഥികൾക്കായി പുതിയ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര ഹാക്കത്തോണും നടത്തും. വിദ്യാർഥികൾക്ക് ജർമനിയിലെ വിദ്യാർഥികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനും നൂതന സാങ്കേതിക ആശയങ്ങൾ വികസിപ്പിക്കുന്നതിനും അവസരമൊരുക്കും. സാങ്കേതികവ്യവസായരംഗത്തുള്ള പ്രമുഖരുമായി ‘ടെക്പ്രീണിയർ’ എന്ന ഓൺലൈൻ സംവാദവും നടത്തും.