റേഷൻ കാർഡ് : അർഹതയില്ലാത്തതിനാൽ ആനുകൂല്യങ്ങൾ വേണ്ടെന്നുവെച്ചത് കാഞ്ഞിരപ്പള്ളി താലൂക്കിൽ 792 പേർ
കാഞ്ഞിരപ്പള്ളി: അർഹതയില്ലാത്ത റേഷൻ കാർഡ് വഴി ആനുകൂല്യങ്ങൾ ലഭിച്ചിരുന്ന 792 കാർഡുടമകൾ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ പൊതുവിഭാഗത്തിലേക്ക് മാറി. അന്ത്യോദയ കാർഡിൽ (മഞ്ഞ) നിന്ന് 52 പേരും മുൻഗണ വിഭാഗത്തിൽ (പിങ്ക്) 421 പേരും സബ്‌സിഡി നീല കാർഡിൽനിന്ന് 319 പേരുമാണ് കഴിഞ്ഞ 11 വരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. താലൂക്കിൽ ആകെ 76,907 കാർഡുകളാണുള്ളത്.
ചൊവ്വാഴ്ചമുതൽ റേഷൻ കടകളിൽ അതത് പ്രദേശത്തെ മഞ്ഞ, പിങ്ക് കാർഡുടമകളുടെ പട്ടിക പ്രദർശിപ്പിക്കും. അനർഹർ പട്ടികയിലുൾപ്പെട്ടിട്ടുണ്ടോയെന്ന് പൊതുജനങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകാം.
15-വരെയാണ് താലൂക്കിൽ അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് പൊതുവിഭാഗത്തിലേക്ക് സ്വമേധയാ മാറ്റാൻ സൗകര്യമുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ച് ഓൺലൈനായി അപേക്ഷകൾ tsokjply@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ഫോൺ നമ്പർ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴി നൽകാവുന്നതാണ്.
അനുവദിച്ച തീയതിക്കുള്ളിൽ അനർഹർ പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ കർശന പരിശോധനകൾ നടത്തും. അനർഹമായി വാങ്ങിയ മുഴുവൻ സാധനങ്ങളുടെയും കമ്പോളവില നിശ്ചയിച്ച് ഫൈനും ടി.പി.ഡി.എസ്. കൺട്രോൾ ഓർഡർ പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസർ ടി.ജി.സത്യപാൽ അറിയിച്ചു.