ശബരിമല തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി എരുമേലി ദേവസ്വത്തിൽ 14.04 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരമായി.
എരുമേലി: എരുമേലിയിൽ ശബരിമല തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 14.04 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരമായി. കിഫ്ബി പദ്ധതിയിലൂടെ സംസ്ഥാന സർക്കാരാണ് തുക അനുവദിച്ചത്. ദേവസ്വം വളപ്പിൽ ധർമശാസ്താക്ഷേത്രത്തിന് സമീപമുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ച് പുതിയവ നിർമിക്കും. ഇതിലൂടെ കൂടുതൽ സ്ഥലം ഉപയോഗയോഗ്യമാക്കാം. പാർക്കിങ് സൗകര്യങ്ങളും ലഭിക്കും.
ക്ഷേത്രത്തിന് സമീപം നിലവിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, മെസ്, ഭക്തർക്ക് വിരിവെച്ച് വിശ്രമിക്കാനുള്ള ഹാളുകൾ തുടങ്ങി അഞ്ച് കെട്ടിടങ്ങളാണ് പൊളിക്കുന്നത്. പുതുതായി 35,000 ചതുരശ്ര അടിയിൽ രണ്ടുനിലമന്ദിരവും ഭരണവിഭാഗം കെട്ടിടത്തിനയി 9000 ചതുരശ്ര അടിയുള്ള നിർമിതിയുമാണ് നടക്കുക. മെസ് ഹാൾ, അന്നദാനമണ്ഡപം, വിരിപ്പന്തൽ തുടങ്ങിയ സൗകര്യങ്ങൾ രണ്ടുനില മന്ദിരത്തിൽ സജ്ജമാക്കും. വരുന്ന തീർഥാടനകാലത്തിന് മുമ്പായി പണികളാരംഭിക്കും. നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണച്ചുമതല.
നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു എരുമേലിയിലെത്തി കാര്യങ്ങൾ വിലയിരുത്തി.
ദേവസ്വം ബോർഡംഗം എസ്.തങ്കപ്പൻ, ചീഫ് എൻജിനീയർ കെ.കൃഷ്ണകുമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി.ബൈജു, ജി.എസ്.ബിജു, ആർ.എസ്.ഉണ്ണിക്കൃഷ്ണൻ, സതീഷ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളൽ സംഘങ്ങൾക്ക് താമസസൗകര്യം ക്രമീകരിക്കും. പുതിയ നിർമിതികൾക്കായി നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന സാഹചര്യത്തിൽ, എരുമേലി പേട്ടതുള്ളലിനെത്തുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾക്ക് താമസത്തിനായി പകരം സംവിധാനം ഒരുക്കും. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ വിരിപ്പന്തലോ ദേവസ്വം സ്കൂളിന്റെ പഴയ കെട്ടിടമോ സജ്ജമാക്കും.
എരുമേലിയിൽ പേട്ടതുള്ളലിനെത്തുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾക്ക് താമസസൗകര്യം നൽകുന്നത് ദേവസ്വം ബോർഡാണ്. ഇതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.