കനത്ത കാറ്റും മഴയും; വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം; വീടുകൾ തകർന്നു
കനത്തമഴയിലും കാറ്റിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപകനാശനഷ്ടം. എറണാകുളം പറവൂർ മേഖലയിൽ കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കാലവർഷം ശക്തിയാകുന്നതിന്റെ സൂചനകകൾ നൽകി തത്തപ്പിള്ളി – ആലങ്ങാട് മേഖലയിൽ കനത്ത മഴയ്ക്കൊപ്പം നാശം വിതച്ച് ശക്തമായ ചുഴലിക്കാറ്റും. പ്രദേശത്ത് വൻ മരങ്ങൾ കടപുഴകി വീണു. നൂറോളം വീടുകൾക്കു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പുലർച്ചെ നാലു മണിക്കാണു തത്തപ്പിള്ളി, നീറിക്കോട്, കരിങ്ങാംതുരുത്ത്, ചെറിയപ്പിള്ളി തുരുത്ത്, കരുമാലൂർ പുതുക്കാട് തുടങ്ങിയ പ്രദേശത്തു ചുഴലിക്കാറ്റു വീശിയടിച്ചത്. ഉടൻതന്നെ കനത്ത മഴയുമുണ്ടായി. കലിതുള്ളിയെത്തിയ കനത്ത കാറ്റിലും മഴയിലും വ്യാപകനാശം സംഭവിച്ചു. കുന്നത്തുനാട് മണ്ഡലത്തിൽ മരങ്ങൾ വീണ് വീടുകളുടെ മേൽക്കൂരകൾ തകർന്നു. നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നു പോയി.
പല പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി വീണു വെെദ്യുതി ലെെനുകൾ പൊട്ടിയതോടെ മണിക്കൂറുകളോളം വൈദ്യുതി ബന്ധം താറുമാറാകുകയും ഗതാഗത തടസമുണ്ടാകുകയും ചെയ്തു. ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണു മരങ്ങൾ മുറിച്ചു നീക്കിയത്. റോഡുകൾ പലതും മരം വീണ് അടഞ്ഞു പോയതിനാൽ എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തത്തപ്പിള്ളി, നീറിക്കോട് പ്രദേശത്താണു കൂടുതലായും നാശനഷ്ടം സംഭവിച്ചത്. കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളക്കെട്ടിലായി.
ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത് ഒട്ടേറെ വീടുകള്‍ക്കു മുകളില്‍ മരംവീണു. മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗതം തടസപ്പെട്ടു. വ്യാപക കൃഷിനാശവുമുണ്ട്.
പത്തനംതിട്ടയും വ്യാപക നാശനഷ്ടം
പത്തനംതിട്ട ജില്ലയിൽ തെള്ളിയൂർ ഭാഗത്ത് വീടുകൾക്ക് മുകളിൽ മരം വീണു. വെണ്ണിക്കുളം തടിയൂർ റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി. അയിരൂർ പഞ്ചായത്തിലെ കടയാർ മേഖലയിൽ ശക്തമായ ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു. ഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായി. 50 വീടുകൾക്ക് കേടുപാടുണ്ട്. 10 പേർക്കു പരുക്കേറ്റു. വൈദ്യുതി തൂണുകൾ ഒടിഞ്ഞ്ു പോയി. വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. റാന്നിയിൽനിന്നുള്ള ഫയർ യൂണിറ്റ് എത്തി റോഡിലെ മരങ്ങൾ വെട്ടിമാറ്റി തുടങ്ങി. ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
പത്തനംതിട്ട വെണ്ണിക്കുളം തടിയൂർ റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി.
ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് നാശനഷ്ടമുണ്ടായത്. പലയിടത്തും എത്തിപ്പെടാനാകാത്ത രീതിയിൽ റോഡിൽ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും ചിലയിടങ്ങളിൽ താഴെവീണു.