കോവിഡിന്റെ മൂന്നാംതരംഗം ആസന്നം, ജാഗ്രത കൈവിടരുത് ; വിനോദയാത്രയും മതപരമായ കൂടിച്ചേരലുകളും അനുവദിക്കരുത്: ഐ.എം.എ.
കോവിഡിന്റെ മൂന്നാംതരംഗം ആസന്നമായിരിക്കെ, വിനോദയാത്രയും മതപരമായ കൂടിച്ചേരലുകളും അനുവദിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കേന്ദ്ര, സംസ്ഥാനസർക്കാരുകളോട് അഭ്യർഥിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതരും ജനങ്ങളും ഈ ഘട്ടത്തിൽ അലംഭാവം കാട്ടരുതെന്നും വൻപ്രതിസന്ധിക്ക് ഇടയാക്കിയ രണ്ടാംതരംഗത്തിലൂടെ രാജ്യം കടന്നുവന്നതേയുള്ളൂവെന്നും ഐ.എം.എ. ഓർമിപ്പിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ശ്രമഫലമായി രണ്ടാംതരംഗത്തിന്റെ പ്രതിസന്ധി നാം അതിജീവിച്ചു. മഹാമാരികളുടെ ചരിത്രംവെച്ച് പരിശോധിച്ചാലും ആഗോളതലത്തിലെ തെളിവുകൾവെച്ച് നോക്കിയാലും മൂന്നാംതരംഗം ഉടനെ ഉണ്ടാവുമെന്നും അത് അനിവാര്യമാണെന്നും കാണാൻ കഴിയും.
എന്നാൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ജനങ്ങൾ വൻതോതിൽ തടിച്ചുകൂടുന്നത് ആശങ്ക ഉളവാക്കുന്നു. വിനോദയാത്രയും മതപരമായ സംഗമങ്ങളുമെല്ലാം ആവശ്യമുള്ള സംഗതികൾതന്നെയാണ്. എങ്കിലും ഏതാനും മാസങ്ങൾ അത്തരം കാര്യങ്ങൾ മാറ്റിവെക്കാം. ചടങ്ങുകൾ നടത്താൻ അനുവദിക്കുന്നതും പ്രതിരോധ കുത്തിവെപ്പെടുക്കാതെ ജനങ്ങളെ തടിച്ചുകൂടാൻ അനുവദിക്കുന്നതും കോവിഡിന്റെ മഹാവ്യാപനത്തിന് കാരണമാകുമെന്ന് ഐ.എം.എ. മുന്നറിയിപ്പ് നൽകി.